ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാം അദ്ധ്യായം


പ്രഹരം കിട്ടുമെന്നു ഭയപ്പെട്ട് പടിപ്പുരയിൽനിന്നും ഓടിപ്പോയ ശങ്കരൻ ഒരു രണ്ടു നാഴിക വഴിയിൽ നിൽക്കാതെ തിരിഞ്ഞുനോക്കാതെ ക്ഷീണിച്ചു വലഞ്ഞ് വഴിയിൽ ഒരേടത്ത് ഇരുന്നു.

പൂഞ്ചോലക്കര എടത്തിൽ കൃഷ്ണനുണ്ണി എന്നു പേരായിട്ട് ഒരു ദേഹം ഉണ്ടെന്ന് എന്റെ വായനക്കാർക്ക് ഓർമ്മ ഉണ്ടായിരിക്കാം.ഇയാൾ വലിയച്ചന്റെ മൂന്നാമത്തെ അനന്തരവനാണ്. ഈ കാലം നാല്പത്തഞ്ചു വയസ്സു പ്രായമാണ്. സംസ്കൃതഭാഷയിൽ നല്ല പാണ്ഡിത്യവും നല്ല ബുദ്ധിഗുണവും നിർമ്മലമനസ്സും ഉള്ള ഒരാളായിരുന്നു. ഇദ്ദേഹത്തിന് ശാരദയുടെ അമ്മയെ വളരെ താല്പര്യമായിരുന്നു. ആ സ്ത്രീയെ വലിയച്ചൻ ദ്രോഹിച്ചതിനാൽ രാജ്യം വിട്ടുപൊയ്ക്കളവാൻ എടയായതാണെന്നുള്ള അഭിപ്രായക്കാരനും ആ സ്ത്രീക്കു സംഭവിച്ച കഷ്ടദശയിൽ വളരെ പരിതാപം ഉള്ളവനും ആയിരുന്നു. എഴുത്തു വായനയും ശങ്കരന്റെ ഓട്ടവും കഴിഞ്ഞശേഷം ഇദ്ദേഹം സ്വന്തം വിശ്വാസമുള്ള ഒരു കാർയ്യസ്ഥനെ വിളിച്ച് ഓടിപ്പോയ ശങ്കരന്റെ പിന്നാലെ ഓടി അവനെ കണ്ടുപിടിച്ച് ശാരദയുടേയും രാമൻമേനോന്റെയും വിവരങ്ങളെ കുറിച്ചു വിവരമായി അന്വേഷിച്ച് വർത്തമാനങ്ങൾ എല്ലാം അറിഞ്ഞ് വേറെ ചില വിവരങ്ങൾ ശങ്കരനെ അറിയിച്ചു മടങ്ങി ചെല്ലേണമെന്നു പറഞ്ഞയച്ചിരുന്നു. കൃഷ്ണനുണ്ണിയുടെ ഭൃത്യൻ കല്പനപ്രകാരം ഓടി , വളരെ ഓടി. കുറെ കഴിഞ്ഞപ്പോൾ തന്റെ മുമ്പിൽ വളരെ ദൂരത്ത് ഒരാൾ ഓടുന്നപോലെ തോന്നി. പിന്നേയും ഓടി. അല്പം ചന്ദ്രികാപ്രകാശമുള്ള ഒരു രാത്രിയായിരുന്നു. കുറെ കഴിഞ്ഞപ്പോഴേക്കും കൃഷ്ണനുണ്ണിയുടെ കാർയ്യസ്ഥൻ രാമൻ ഓടി ഏകദേശം അടുത്ത് എത്തി. ഏകദേശം ഇരുനൂറുവാര സമീപമായപ്പോഴേ ശങ്കരൻ കണ്ടുള്ളു. കണ്ട ഉടൻ ശങ്കരൻ ഭയപ്പെട്ട് എണീറ്റ കുതിച്ചോടി.

രാമൻ :- ഹെ, നില്ക്കു നില്ക്കു. എനിക്കു ഒന്നു പറയാനുണ്ട്.

ശ :- ഒന്ന് പറവാനുണ്ട് , അല്ലെ . ഈ ജന്മം എന്നെ തൊടാൻ കിട്ടുകയില്ലെന്നു പറഞ്ഞ് പിന്നെയും കുതിച്ചോടി.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/36&oldid=169840" എന്ന താളിൽനിന്ന് ശേഖരിച്ചത്