പിന്നാലെ തന്നെ രാമനും ഓടി. മുമ്പും വഴിയുമായി ഓടി. ശങ്കരൻ കാൽതടഞ്ഞു വീണു. രാമൻ അപ്പോഴേക്ക് അടുക്കെ എത്തി.
ശ :- എന്നെ ഒന്നും ചെയ്യരുതേ. ഞാൻ ക്ഷീണിച്ചിരിക്കുന്നു. എന്നെ വല്ലതും ചെയ്താൽ ഞാൻ ഈ നിമിഷം മരിച്ചുപോകും എന്നെ തൊടരുതേ , ഒന്നും ചെയ്യല്ലേ.
രാ :- തന്നെ ഞാൻ എന്താണെടോ ചെയ്യുന്ന്ത്. എനിക്ക് തന്നോട് ഒരു വിവരം പറയാൻ പറഞ്ഞയച്ചിട്ടുണ്ട്. ഞാൻ തന്നെ ഒന്നും ചെയ്‌വാനല്ല വന്നത്. എണീക്ക്.
ശ :- എനിക്ക് ഒരു വിവരവും കേൾക്കേണ്ട. ദയവു വേണം. ഞാൻ ഇവിടെനിന്നു പതുക്കെ എണീറ്റ് പൊയ്ക്കോളം എനിയും ആളുകൾ വരുന്നുണ്ടായിരിക്കാം. എന്നെ തല്ലി ദ്രോഹിച്ചിട്ട് എന്താണ് ഫലം. ഞാൻ ഒരു കൂലിക്കാരന്റെ നിലയിൽ എഴുത്തുകൊണ്ടുവന്നതിന് എന്നെ എന്തിനു തല്ലുന്നു. അങ്ങനെ ചെയ്യുന്നത് മർയ്യാദയാണെങ്കിൽ ചെയ്തോളിൻ. ഞാൻ ഇവിടെത്തന്നെ കിടക്കാം. വേണ്ടുന്ന ആളുകളെ എല്ലാം ശേഖരിച്ച് എന്നെ തല്ലി കൊന്നോളു.
രാ:- കഷ്ടം . എന്താണെടൊ തനിക്കു ഭ്രാന്തുണ്ടോ. ഞാൻ തല്ലാനും തല്ലിക്കാനും വന്നതല്ല. കല്യാണി അമ്മയുടെ ജ്യേഷ്ഠൻ കൃഷ്ണനുണ്ണി എജമാനൻ പറഞ്ഞയച്ചിട്ട് തന്നെ കാണാൻ വന്നതാണ്. കല്യാണി അമ്മയെ കൃഷ്ണനുണ്ണി എജമാനന്നു വളരെ താല്പർയ്യമായിരുന്നു. ആ അമ്മയ്ക്ക് ശാരദ എന്ന ഒരു കുട്ടി ഉണ്ടായിട്ടുണ്ടെന്നു കേട്ടതിലുള്ള സന്തോഷത്താൽ തന്നെ കണ്ടു വിവരങ്ങൾ എല്ലാം അറിഞ്ഞുചെല്ലാനും ചില വിവരങ്ങളെ തന്നോടു പറവാനും പറഞ്ഞയച്ചിട്ട് ഞാൻ വന്നതാണ്. ഓടി ഓടി ഞാൻ തന്നെക്കാൾ വലഞ്ഞിരിക്കുന്നു. ഇപ്പോൾ എനിക്ക് ഒരാളേയും തല്ലാൻ വയ്യ. ഞാൻ തന്നെ എന്തിനു തല്ലുന്നു. കഷ്ടം എണീറ്റിരിക്കും . എന്നു പറഞ്ഞ് ശങ്കരന്റെ കയ്യുപിടിച്ചു പതുക്കെ എഴുനീല്പിച്ച് ഇരുത്തി.
ശങ്കരനു പരിഭ്രമം പിന്നെയും തീർന്നില്ല. ഈ വിദ്വാൻ തന്നെ എന്തോ ചതിപ്പാനായി വന്നതായിരിക്കും എന്നുള്ള ഭയം ശങ്കരന്നു വിടുന്നില്ല. കുറെ ആലോചിച്ച് , ഒടുവിൽ
ശ :- എനിക്ക് ക്ഷീണംകൊണ്ട് ഒന്നും വയ്യാ. ഞാൻ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് ഒന്നും സംസാരിപ്പാനും വയ്യാ. കുറെ വെള്ളം കുടിപ്പാൻ കിട്ടിയാൽ നന്നായിരുന്നു.
രാ :- ഞാൻ പോയി ക്ഷണം വെള്ളം കൊണ്ടുവരാം എന്നു പറഞ്ഞു രാമൻ സമീപമുള്ള ഒരു വാർയ്യത്തേക്ക് ഓടിപ്പോയി.