ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശങ്കരൻ എഴുന്നേറ്റു നിന്നു നാലുഭാഗത്തും സൂക്ഷിച്ചുനോക്കി. ഈ ഓടി വന്ന വിദ്വാന്റെ വഴിയേ പിന്നെയും ആൾ ശേഖരമായി വരുന്നുണ്ടായിരിക്കുമെന്നതായിരുന്നു ശങ്കരന്റെ ഭയം. വളരെ എല്ലാം സൂക്ഷിച്ചുനോക്കി , ആരെയും കണ്ടില്ല. പിന്നെയും ഒന്ന് ഓടിയാലോ എന്നു ശങ്കരനു തോന്നി "വേണ്ട , വരുന്നതെല്ലാം വരട്ടെ . ഒരു സമയം ഈ വന്നയാൾ പറഞ്ഞതു നേരായി വന്നാലൊ , അതുകൊണ്ട് ഇവിടെത്തന്നെ നില്ക്കുക. വരുന്നതെല്ലാം വരട്ടെ എന്നു മനസ്സുകൊണ്ട് ശങ്കരൻ ഉറച്ചു. അപ്പോഴേക്കു രാമൻ കിണ്ടിയിൽ നല്ല സംഭാരവവും ഒരു ചൂട്ടുവെളിച്ചവും കൊണ്ടുവന്നു ശങ്കരന്റെ അടുക്കെ എത്തി. ചൂട്ട് ഒന്നു പ്രകാശിപ്പിച്ചു ശങ്കരന്റെ മുഖത്തേക്കു നോക്കി, രാമൻ ഒന്നു ചിരിച്ചു. സംഭാരം കുടിപ്പാൻ കൊടുത്തു. സംഭാരം മുഴുവനും ആർത്തിയോടെ കുടിച്ച് "ആവൂ" എന്നു പറഞ്ഞു രണ്ടാമതും അവിടെ ഇരുന്നു.

രാ :- എന്താണ് ഹെ സംശയമെല്ലാം തീർന്നുവോ. ഞാൻ ചതിപ്പാൻ വന്നവനാണെന്നുള്ള ഭയം ഇനിയും വിട്ടില്ലേ ?

ശ :- എനിക്കു സംശയം ഒന്നുമില്ല. സംഭാരം കുടിച്ചതുകൊണ്ടു ക്ഷീണത്തിന്നു ഭേദം തോന്നുന്നു. എനി രണ്ടു തല്ലു കൊണ്ടാലും തൽക്കാലം സിദ്ധി കൂടകയില്ലെന്നു തോന്നുന്നു എന്നു പറഞ്ഞു ശങ്കരൻ ഒന്നു ചിരിച്ചു.

രാ :- എനിയും താൻ ശങ്കിക്കുന്നുണ്ടെങ്കിൽ തനിക്കു മഹാപാപം ഉണ്ടാകും. തന്റെ മുഖവും ദേഹവും കണ്ടാൽ തനിക്കു വളരെ ക്ഷീണമുണ്ടെന്നു തോന്നുന്നു. ഇവിടെ അടുത്ത് ഒരു വാർയ്യം ഉണ്ട്. അവിടെ നിന്നാണ് ഞാൻ ഇപ്പോൾ ഈ സംഭാരം കൊണ്ടുവന്നത്. നോക്ക് അങ്ങോട്ടു പോവുക. അവിടെ നിന്നു നോക്കു രണ്ടാൾക്കും ഊണു കഴിക്കാം. ഇന്നു രാത്രി അവിടെ താമസിച്ചു ഉഷസ്സിനു തനിക്കു പോവുകയും ചെയ്യാം.

രാമന്റെ വാക്കുകളും സ്വഭാവവും ശങ്കരന്റെ മനസ്സിന്നു ക്രമേണ വിശ്വാസത്തെ വർദ്ധിപ്പിച്ചു. രണ്ടുപേരുംകൂടി വാർയ്യത്തേക്കു പോയി ഊൺ കഴിച്ച് അവിടെ താമസിച്ചു. ശങ്കരൻ കല്യാണിഅമ്മയുടേയും ശാരദയുടേയും വിവരങ്ങൾ എല്ലാം വഴിപോലെ പറഞ്ഞു രാമനെ ധരിപ്പിച്ചു. എടത്തിലെ സ്ഥിതികൾ എല്ലാം രാമനും പറഞ്ഞു ശങ്കരനെ വെടിപ്പായി മനസ്സിലാക്കി. ഒടുവിൽ -

ശ :- എന്നാൽ കൃഷ്ണനുണ്ണി എജമാനനും വലിയച്ചനുമായി തമ്മിൽ രസക്കേടായിട്ടാണ് സ്ഥിതി എന്നു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/38&oldid=169842" എന്ന താളിൽനിന്ന് ശേഖരിച്ചത്