കേറും. തോറ്റ്, ഇളിഭ്യനായി മടങ്ങും. തന്റെ നേരെ പാഞ്ഞു കേറിയതിനാൽ ഉണ്ടായ ക്രോധശമനത്തിന്ന് അച്ഛൻ തിരുമുല്പാടിന്റെ നേരെ കയറും, മിക്കവാറും കാര്യങ്ങൾ ജയിക്കുകയും ചെയ്യും. ഇങ്ങിനെ ഇവർ തമ്മിൽ ഉണ്ടായ ദുർവ്യവഹാരങ്ങളാൽ തിരുമുല്പാടിന്നു വളരെ സ്വത്ത് ക്ഷയിച്ചു കടത്തിലായി. വസ്തുക്കൾ പണയംവച്ചു തുടങ്ങി. ഈ കാലമാണ് ഇദ്ദേഹം ഈ കഥയിൽ പ്രവേശിക്കുന്നത്. കടം വാങ്ങിയും വ്യവഹരിക്കേണമെന്നുള്ള നിശ്ചയം ദൃഢമായി ചെയ്തിട്ടുള്ള ദേഹമായ ഇദ്ദേഹത്തിന്നു വ്യവഹാരത്തിൽ രസം പിടിപ്പിപ്പാൻ ഒരു നാട്ടുകാര്യസ്ഥൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേർ കരിപ്പാട്ടീൽ കണ്ടന്മേനോൻ എന്നായിരുന്നു.
"നാട്ടുകാര്യസ്ഥൻ" എന്നപദത്തിന്നു ഞാൻ ഉദ്ദേശിച്ച അർത്ഥമോ അല്ലെങ്കിൽ വല്ല പ്രത്യേക അർത്ഥമോ ഒരു വിവരണം കൂടാതെ എന്റെ വായനക്കാർ ഗ്രഹിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ഞാൻ ഉപയോഗിച്ച പദത്തിന്റെ ഗാംഭീര്യം നിമിത്തം മനസ്സിലാവാൻ പ്രയാസമെന്നല്ല ഞാൻ പറയുന്നത്. "നാട്ടുകാര്യസ്ഥൻ" എന്ന പദത്തിൽ എവിടെയാണ്, ഗാംഭീര്യം. എന്നാൽ മനസ്സിലാവാൻ വൈഷമ്യം എന്നു ഞാൻ ശങ്കിക്കുന്നത് ഈ പദം ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽ സാധാരണ ഗ്രഹിക്കപ്പെടുന്നുണ്ടെന്ന് എനിക്കു വിശ്വാസമില്ലാത്തതിനാലാണ്. അതുകൊണ്ട്, ആ പദത്തിന്നു ഞാൻ ഇവിടെ ഉദ്ദേശിച്ച അർത്ഥം താഴെ വിവരിക്കുന്നു.
സർക്കാരുദ്യോഗം, കച്ചവടം, കൃഷി, ഗൃഹസ്ഥവൃത്തി, വിദ്യാപരിശ്രമം, കൈവേലപ്രവൃത്തികൾ, കൂലിപ്പണി, തീർത്ഥാടനം, പിച്ച എടുക്കൽ മുതലായ യാതൊരു വ്യാപാരങ്ങളിലും ക്രമമായും ശരിയായും പ്രവേശിക്കാതെയും അധികകാലം കോടതിയിൽ വ്യവഹാരകാര്യങ്ങളിൽ പരിചയിച്ചു വ്യവഹാരത്തിൽ അത്യന്തം രസം പിടിച്ചു പൂർവ്വാർജ്ജിതമായി വല്ല സ്വത്തുക്കളും തനിക്ക് ഉണ്ടായിരുന്നുവെങ്കിൽ അതു വ്യവഹാരഭ്രാന്തിനാൽ നശിച്ച് ദിവസവൃത്തിക്കു നല്ല ബുദ്ധിമുട്ടോടുകൂടി വല്ല കാര്യങ്ങളിലും മദ്ധ്യസ്ഥം പറഞ്ഞു വ്യവഹാരങ്ങൾ നടത്തുന്നതിൽ വക്കീലന്മാരുടെ ഉപദേഷ്ടാവായും വല്ല മുറിവാചകങ്ങളും പഠിച്ച ഹർജികൾ, ആധാരങ്ങൾ, തറവാട്ടുകരാറുകൾ മുതലായത് എഴുതുന്നതിൽ ബഹുസമർത്ഥൻ എന്ന് അറിവില്ലാത്താളുകളെ ധരിപ്പിച്ചും, ധനപുഷ്ടിയും ജനപുഷ്ടിയും ഉള്ള തറവാടുകളിൽ കടന്നുകൂടി കുടുംബച്ഛിദ്രവും നാശവും ഉണ്ടാക്കിയും നാട്ടിൽ വ്യവഹാരങ്ങൾ വർദ്ധിപ്പിച്ചു കാലക്ഷേപം ചെയ്യുന്ന ഒരു മനുഷ്യനു ഞാൻ "നാട്ടുകര്യസ്ഥൻ"