ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക :- ഇവിടുന്ന് ഒരു വിശേഷവർത്തമാനം കേട്ടുവോ.

രാ :- ഇല്ല, എന്താണു കേൾക്കട്ടെ.

ക :- പൂഞ്ചോലക്കര എടത്തിൽനിന്നു മുമ്പു നാടുവിട്ട പൊയ്ക്കളഞ്ഞ കല്യാണിഅമ്മയുടെ മകളായിട്ടു ഒരു കുട്ടി അതിന്റെ അച്ഛനോടുകൂടി ഈ ദിക്കിൽ എത്തീട്ടുണ്ടത്രേ. കല്യാണിഅമ്മ മരിച്ചുപോയിപോൽ. കുട്ടിയുടെ അച്ഛൻ പൂഞ്ചോലക്കര അച്ഛന് ഒരു എഴുത്തയച്ചിരിക്കുന്നു. അതിൽ കുട്ടിയെ അച്ചൻ ഏറ്റുവാങ്ങി രക്ഷിക്കേണമെന്നും അല്ലെങ്കിൽ ഉടനെ വ്യവഹാരം കൊടുക്കുമെന്നും എഴുതിയിരിക്കുന്നുവത്രെ. അച്ചനും ഉണ്ണിമാരും വളരെ ഭ്രമിച്ചു വശായിരിക്കുന്നു. ഞാൻ ഇന്നലെ വൈകുന്നേരമാണ് ഈ വിവരം കേട്ടത്. അതാണ് ഇന്ന് ഇത്രനേർത്തെ ഇങ്ങോട്ടു പോന്നത്.

ഈ വാക്കുകൾ കേട്ടപ്പോൾ തിരുമുല്പാട് പെട്ടെന്ന് അത്യന്തസന്തോഷത്തിലും അല്പം വ്യസനത്തിലും ആയതിനാൽ രണ്ടുമൂന്നു നിമിഷങ്ങൾ ഒന്നും സംസാരിപ്പാൻ വയ്യാതെ ഇരുന്നു. ഈ സ്തോഭത്തിൽ നിന്ന് നിർത്തിച്ചശേഷം ചോദിച്ചു.

രാ :- ഇതു സത്യമോ ? കണ്ടനോട് ആർ പറഞ്ഞു ?

ക :- സത്യമാണ്. സംശയമില്ല. ഈ കുട്ടിയുടെ അച്ഛന്റെ എഴുത്ത് ഒരുവൻ പൂഞ്ചോലക്കര എടത്തിൽ കൊടുക്കുന്നതു കണ്ട ദേഹമാണ് എന്നോടു പറഞ്ഞത്. കാര്യത്തിൽ ഒരു സംശയവുമില്ല. എഴുത്ത് കൊണ്ടുവന്നവനെ തല്ലിക്കാൻ അച്ചൻ വട്ടംകൂട്ടി. അവൻ ഓടിക്കളഞ്ഞുവത്രെ. വർത്തമാനം പരമാർത്ഥമാണെന്നുള്ളതിനു യാതൊരു സംശയവും ഉണ്ടാവാൻ പാടില്ല.

രാ :- വ്യവഹാരം കൊടുക്കുമെന്നു തന്നെ എഴുതീട്ടുണ്ടോ ??

ക :- അങ്ങിനെ തന്നെ എഴുതിയിരിക്കുന്നു , എഴുത്തു കിട്ടിയ തിയ്യതി മുതൽ ഒരു മാസത്തിനകത്ത് എഴുത്തിലാവശ്യപ്പെട്ട പ്രകാരം പ്രവർത്തിക്കുന്നില്ലെങ്കിൽ വ്യവഹാരം കൊടുക്കുമെന്നു തന്നെ തീർച്ചയായും എഴുതിയിരിക്കുന്നു. ഈ കുട്ടിയുടെ അച്ഛൻ വളരെ ദ്രവ്യസ്ഥനും നല്ല കാര്യസ്ഥനുമാണത്രെ. കുട്ടി അതി സുമുഖിയാണ് അത്രെ.

രാ :- നിശ്ചയമായി നുമ്മൾ ഈ കുട്ടിക്കു വേണ്ട സഹായങ്ങൾ സകലതും ചെയ്യണം.

ക :- സകല സഹായങ്ങളും ചെയ്യണം.

രാ :- കഷ്ടം ! കല്യാണി മരിച്ചുപോയി ഇല്ലേ ? ഈ മഹാപാപി അച്ചൻ നിമിത്തം ആ പെണ്ണും എന്റെ ഭാര്യ ലക്ഷ്മിയും നശിച്ചു. അവരെ രണ്ടുപേരേയും ഈ അച്ചൻ കൊല ചെയ്തതായി വിചാരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/49&oldid=169854" എന്ന താളിൽനിന്ന് ശേഖരിച്ചത്