ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ളാധാരം അതിചാതുർയ്യത്തോടെ ഉണ്ടാക്കി അന്യന്റെ സ്വത്തുക്കളെ തട്ടിപ്പറിക്കുന്നത് ഈ കൂട്ടർക്ക് ബഹുരസകരമായ ഒരു തൊഴിലാണ്. ഈവക ദുഷ്ടന്മാർ രാജസേവകന്മാരൊ ശിക്ഷാരക്ഷാധികാരികളൊ ആയാൽ അന്യന്റെ പണം പിടിച്ചുപറിക്കുന്നതിൽ ലേശം ദയ കാണിക്കുകയില്ല. അട്ട ചോര കുടിക്കുന്നതുപോലെ കയ്യില്പെട്ട മനുഷ്യന്റെ സർവ്വസ്വവും പിഴിഞ്ഞേടുത്താലെ കടി വിടുകയുള്ളു.

പിന്നെ ഒരുവിധം കഠോരന്മാരുണ്ട്. അവർക്കു വിശേഷവിധിയായി സ്വാർത്ഥസിദ്ധി ഒന്നുമില്ലെങ്കിലും പരിതാപം കണ്ടുകൊണ്ടിരിക്കുന്നതു തന്നെ ബഹു വിനോദകരമായിരിക്കുന്ന ഒരു സംഗതിയാണ്. ഈ ദുഷ്ടന്മാരുടെ മനസ്സിന്ന് ഉത്സാഹമോ സന്തോഷമോ ഉണ്ടാവുന്നത് അന്യന്റെ സന്താപത്തിലും സങ്കടത്തിലുമാണ്. ഈ കഠിന ബുദ്ധി ആദ്യം ചെറിയ സംഗതികളിൽ തുടങ്ങും. പിന്നെ അതു വർദ്ധിക്കും. ദുഷ്പ്രവൃത്തിചെയ്തു ചെയ്തു ക്രമേണ ബുദ്ധി അത്യന്തകഠിനമായി തീർന്നാൽ പിന്നെ അവർ ഒരു ഭ്രാന്തനെപ്പോലെ ആയിത്തീരുന്നു. ദുഷ്ടത എന്തെങ്കിലും ഒന്ന് ഒരു ദിവസം ചെയ്തിട്ടില്ലെങ്കിൽ ഈ ദുഷ്ടനു ശ്വാസം മുട്ടിയാൽ ഉണ്ടാവുന്നതുപോലെയുള്ള ഒരു പ്രാണവേദന ഉണ്ടാവുന്നു. ചില രാജ്യങ്ങളിൽ ഈ വിധം ദുഷ്ടന്മാർ തങ്ങളുടെ ആത്മപ്രീതിക്കുവേണ്ടി നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒളിച്ചിരുന്ന് വൃഥാ വെട്ടിക്കൊന്ന് അവരുടെ മരണവികൃതികളെക്കണ്ട് സന്തോഷിക്കുന്നു. തന്റെ സമസൃഷ്ടിയുടെ ദുസ്സഹമായ പ്രാണവേദനയിൽ ഉള്ള ഓരോ ഗോഷ്ടികൾ കാണുന്നതിലുള്ള സന്തോഷവും അവന്റെ ശരീരത്തിന്നു വെട്ടി മുറി ഏല്പിക്കുമ്പോൾ തന്റെ മനസ്സിന്നുള്ള ഒരു തൃപ്തിയും രക്തവും കുടൽമാലയും സമ്മിശ്രങ്ങളായി പുറത്തുചാടി കഴുകി തളംകെട്ടിനിൽക്കുന്നത് കാണുമ്പോൾ കണ്ണിനുള്ള ആനന്ദവും ഈ ദുഷ്ടന് ഉണ്ടാവുന്നത് ഇത്രത്തോളമാണെന്ന് പറവാൻ അസാദ്ധ്യം. ഈ ഒരു തൃപ്തിക്കുമാത്രം ദുർബുദ്ധികളായ ചില കുട്ടികൾ തവളയേയും ഓന്തിനേയും മറ്റും വെറുതെ എറിഞ്ഞുകൊല്ലുന്നതുപോലെ മനുഷ്യരെ ഈവക ദുഷ്ടന്മാർ കൊലചെയ്യുന്നു.

ഇത്രത്തോളം ക്രൂരത മനുഷ്യന്റെ മനസ്സിന്ന് ഉണ്ടാവുമെങ്കിൽ ഇങ്ങനെ മൃതിപ്പെടുന്നതിന്നു കീഴായി എന്തെല്ലാംവിധം സങ്കടത്തെ ഈവിധം ദുഷ്ടനു തന്റെ സമസൃഷ്ടിക്കു വൃഥാ ഉണ്ടാക്കിത്തീർക്കം. അസംഖ്യം വിധത്തിൽ അനേകം സംഗതികളിൽ ചെയ്യാം.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/56&oldid=169862" എന്ന താളിൽനിന്ന് ശേഖരിച്ചത്