ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നെ ദോഷമുണ്ടോ എന്നു ഞാൻ ശങ്കിക്കുന്നു: രാഘവനുണ്ണി നുമ്മൾ വൈത്തിപ്പട്ടരുടെ ആവശ്യപ്രകാരം വേഷങ്ങൾ കെട്ടി പുറപ്പെട്ടതാണെന്നും യഥാർത്ഥത്തിൽ ശാരദ കല്യാണിഅമ്മയുടെ മകൾ അല്ലെന്നും പറഞ്ഞതിൽ ഒരു വിശ്വാസം അന്നുതന്നെ എടത്തിൽ പലർക്കും ഉണ്ടായതായി കൃഷ്ണനുണ്ണിയുടെ ആൾ എന്നോടു പറഞ്ഞതായി ഞാൻ അറിയിച്ചില്ലേ. എനി അസംഗതിയായി ഉദയന്തളിക്കു പോയി അവിടെ പാർപ്പാക്കുന്നതായാൽ ഇങ്ങിനെ നുമ്മൾ അവകാശം പറഞ്ഞു ചെല്ലുന്നത് രാമവർമ്മൻ തിരുമുല്പാടിന്റെയും ഉത്സാഹം ഉണ്ടാകയാലാണെന്നും നുമ്മൾ പറയുന്നതു വാസ്തവമല്ലെന്നും ജനങ്ങൾക്ക് ഒരു ബോദ്ധ്യമുണ്ടാവാൻ ഇടയാകുമോ എന്നു ഞാൻ സംശയിക്കുന്നു.

രാ :- അങ്ങിനെ അത്ര അബദ്ധമായ ഒരഭിപ്രായം ജനങ്ങൾക്ക് ആദ്യത്തിൽ പക്ഷെ ഒരു സമയം ഉണ്ടായാൽതന്നെ ആ അഭിപ്രായം നിലനില്ക്കുവാൻ പാടില്ല. രണ്ടോ നാലോ ദിവസം പക്ഷെ ഇങ്ങിനെ ദുഷിച്ചു പറയുമായിരിക്കും. പിന്നെ ജനങ്ങൾക്കു സൂക്ഷ്മം മനസ്സിലാവാതിരിക്കയില്ല. എനിക്ക് ഈ ദിക്കിൽ താമസിപ്പാൻ അശേഷം മനസ്സില്ല. ഉടനെ ഇവിടം വിട്ടാലേ എനിക്കു സുഖമുള്ളു.

ഇങ്ങിനെ രാമൻമേനോനും ശങ്കരനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ നമ്പൂതിരി ഇവരുടെ പാർപ്പിടത്തിലേക്കായി വരുന്നതു കണ്ടു. നമ്പൂതിരി രാമൻമേനോന്റെ സമീപത്തിൽ എത്തിയ ഉടനെ പറഞ്ഞു. "പൂഞ്ചോലക്കര എടത്തിൽ നിന്നു നാടുവിട്ടു പൊയ്ക്കളഞ്ഞ ഒരു സ്ത്രീയുടെ മകൾ ഈ ദിക്കിൽ എത്തിയിട്ടുണ്ടെന്നും ഈ ഗൃഹത്തിൽ താമസിക്കുന്നു എന്നും കേട്ടു. ആ കുട്ടിയെ കാണാൻ വന്നതാണ് ഞാൻ. എന്റെ രാജ്യം ഉദയന്തളിയാണ്. ഞാൻ ഒരു നമ്പൂതിരിയാണ്. ഈ ഗൃഹത്തിൽ ആ കുട്ടി താമസിക്കുന്നുണ്ടോ?"

രാ :- എന്താണ് ആ കുട്ടിയെ കാണ്മാൻ അങ്ങേക്ക് ഇത്ര ആഗ്രഹം ഉണ്ടാവാൻ കാരണം!

നമ്പൂ :- ആഗ്രഹം ആഗ്രഹം തന്നെ. വിശേഷവിധി ആഗ്രഹം ഒന്നും ഇല്ലാതാനും. ഉദയന്തളി രാമവർമ്മൻ തിരുമുല്പാടിനെ അറിയുമോ. രാമവർമ്മൻ തിരുമുല്പാട് എന്നു കേട്ടിട്ടില്ലേ? ഊറ്റക്കാരനാണ്. അദ്ദേഹത്തിന്ന് ഈ കുട്ടിയുമായി എന്തോ ഒരു സംബന്ധം ഉണ്ടത്രേ. അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ വന്നത്. ഉദയന്തളിയിലേക്ക് കൊണ്ടുചെല്ലുവാൻ ആൾ വഴിയേ വരുന്നു. ഞാൻ കുറെ മുമ്പെ പോന്നു. കുട്ടിയെ കാണാനുള്ള അത്യാഗ്രഹംകൊണ്ടു ഞാൻ മുമ്പു

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/66&oldid=169873" എന്ന താളിൽനിന്ന് ശേഖരിച്ചത്