ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"നാട്ടിൽ പോയാൽ ഈമാതിരി ഉറയും മറ്റും ഉടുത്താൽപോരാ. ഇങ്ങിനെ കാൽക്കുപ്പായം ഈ ദിക്കിൽ പെണ്ണുങ്ങൾ ഇടാറില്ല. കുപ്പായം ഇട്ടാൽ ജാതിപോവും. കാതു വളർത്തി വലിയ തോടകളും ഇടണം."

ശാരദ പൊട്ടിച്ചിറിച്ചുപോയി. അച്ഛന്റെ കൈകടന്നുപിടിച്ചു വളരെ ചിറിച്ചു. നമ്പൂതിരിയും കൂടെത്തന്നെ ചിറിച്ചു. താൻ വിചാരിച്ച കാർയ്യം സാധിച്ചു എന്നുള്ള സന്തോഷത്തോടുകൂടി വളരെ ചിറിച്ചു.

നമ്പൂതിരി സംഭാഷണം മതിയാക്കുന്ന ഭാവം കാണാനില്ല. നമ്പൂതിരിക്കു ക്രമേണ സംസാരിപ്പാനുള്ള രസം വർദ്ധിച്ചു വരുന്നതാണ് കണ്ടത്. സന്ധ്യാകാലം കഴിഞ്ഞു എന്നിട്ടും നമ്പൂതിരി എഴുനീല്പാൻ ഭാവമില്ല. ഒടുവിൽ രാമൻമേനോൻ എഴുനീറ്റുനിന്നു് ഇങ്ങിനെ പറഞ്ഞു.

"ഇവിടുന്നു് വഴിനടന്നു ക്ഷീണിച്ചിരിക്കുന്നുവല്ലോ. വേഗം എനി കുളികഴിച്ചു ഭക്ഷണം കഴിഞ്ഞു് ഇങ്ങട്ടു വരുന്നതല്ലേ നല്ലത്. ഭക്ഷണത്തിന്നു് ഇവിടെ അയൽഗൃഹങ്ങളിൽ ഏല്പിച്ചിട്ടുണ്ടു്. വൈത്തിപ്പട്ടർ തൽക്കാലം ഇവിടെ ഇല്ല. ഇന്നു തന്നെയോ നാളെ രാവിലെയോ മടങ്ങിവരും. അതാണു വേറെ മഠത്തിൽ ഭക്ഷണത്തിനു ഏല്പിച്ചതു്."

"ഓ, ഹൊ, ക്ഷണം ഊണുകഴിച്ചു വന്നുകളയാം." എന്നും പറഞ്ഞു നമ്പൂതിരി എഴുനീറ്റു് ശാരദയെ വീണ്ടും ഒന്നു നന്നായി നോക്കി രസിച്ചുംകൊണ്ടു് ശങ്കരനോടുകൂടി കുളിപ്പാൻ പോവുകയും ചെയ്തു.

കുളിയും ഭക്ഷണവും കഴിഞ്ഞു നമ്പൂതിരിയും ശങ്കരനും മടങ്ങി എത്തുമ്പോഴേക്കു ശാരദ ഉറങ്ങിയിരിക്കുന്നു. നമ്പൂതിരി രാമൻമേനോനുമായി കുറേനേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും ശങ്കരൻ ഊണുകഴിഞ്ഞു വന്നു. ശങ്കരനും നമ്പൂതിരിയുംകൂടി ശങ്കരൻ കിടക്കുന്ന അറയിൽ വന്നു. ശങ്കരൻ കിടക്കുന്ന ചെറിയ ഇരുമ്പു കട്ടിലിന്മേൽ നമ്പൂതിരിക്കു കിടപ്പാൻ വിരിച്ചു. നമ്പൂതിരിയും ശങ്കരനുംകൂടി ഓരോ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് ആ മുറിയിൽ ഇരുന്നു. അപ്പോഴേക്കു ദുഷ്ടൻ കൃഷ്ണൻ പതിവുപ്രകാരം ശങ്കരനു കുറുകുന്ന പാൽ കൊണ്ടുവന്നു് ശങ്കരന്റെ അരികത്തുവെച്ചു പുറത്തേക്കു് പോന്നു. ശങ്കരൻ പാൽ അങ്ങിനെതന്നെ എടുത്തു നമ്പൂതിരിയുടെ മുമ്പിൽവെച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/71&oldid=169879" എന്ന താളിൽനിന്ന് ശേഖരിച്ചത്