ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ:-ഏകദേശം അങ്ങിനെ തന്നെ.

വൈത്തിപ്പട്ടർക്കു് കാര്യം സാമാന്യം എല്ലാം മനസ്സിലായി. എതൃ വിസ്താരം നിർത്തി. ശുദ്ധാത്മാവായ രാമന്മേനോൻ പിന്നെയും ഉദയന്തളിയിൽ പോയി താമസിക്കേണ്ടുന്ന കാര്യംകൊണ്ടു ചോദിച്ചുതുടങ്ങി.

രാ:-രാമവർമ്മൻ തിരുമുല്പാടു് നല്ല മര്യാദക്കാരൻ എന്നാണു് ഞാൻ കേട്ടതു്.

വൈത്തിപ്പട്ടർ തൽക്കാലം വലിയ ഒരു ആലോചനയിൽ മഗ്നനായിരുന്നതിനാൽ രാമൻ മേനോൻ ചോദിച്ചതു് കേട്ടതെ ഇല്ല.

രാ:-നിങ്ങൾ എന്താണു് ഒന്നും പറയാത്തതു്? തിരുമുല്പാടു് ആൾ അപകടക്കാരനാണോ?

വൈ:-(പെട്ടെന്നു് ഉറക്കം ഉണർന്ന ഭാവത്തോടെ) അപകടക്കാരനോ എന്തൊ എനിക്കു് അത്രെനിശ്ചയമുള്ളു. ആൾ ഒരു പോക്കിരിയാണെന്നാണു് ഞാൻ കേട്ടതു്. ഞാൻ കുളി കഴിഞ്ഞിട്ടില്ല. കുളി കഴിഞ്ഞുവരാം എന്നു പറഞ്ഞു് വൈത്തിപ്പട്ടരു് അവിടെ നിന്നു പോവുകയും ചെയ്തു.

രാമൻ മേനോൻ പണത്തിന്റെ കാര്യംകൊണ്ടു് പറഞ്ഞതു വൈത്തിപ്പട്ടർ മുഴുവൻ വിശ്വസിച്ചില്ല. എങ്കിലും ആദ്യത്തിൽ കൃഷ്ണന്റെ വാക്കുനിമിത്തം താൻ ഊഹിച്ചപ്രകാരം അൻപതു് അറുപതിനായിരം ഉറുപ്പികയില്ലെന്നു നിശ്ചയിച്ചു. പണ്ടങ്ങൾ അടക്കം ഏകദേശം പതിനായിരത്തിൽ ചുരുങ്ങാതെ ഉണ്ടാവുമെന്നു് പട്ടരു് തീർച്ചയാക്കി. കഷ്ടം! ഇതിൽനിന്നു് ഒരു പൈസ പോലും തനിക്കു കിട്ടാതായ്പോകയോ എന്നു വിചാരിച്ചു പട്ടർ വിഷാദിച്ചു.

മേല്പറഞ്ഞ സംഭാഷണം കഴിഞ്ഞതിന്റെ പിറ്റേദിവസം ഉച്ചയ്ക്കു് ഉദയവർമ്മൻ തിരുമുല്പാടും 'സ്പെസിഫിക്കു് റില്ലിഹ്' എന്നു് ഇംഗ്ലീഷിൽ പറയപ്പെടുന്ന പ്രത്യേകനിവൃത്തി ആക്ടിനെ "ഇസ്പിഷ്യാൻ റില്ലി" എന്ന പേർ വിളിച്ച കണ്ടൻ മേനോനും ഭൃത്യന്മാരും കൂടി രാമൻ മേനോനെ കാണാൻ എത്തി. രാമന്മേനോനു വളരെ സന്തോഷമായി. നമ്പൂതിരിമരിച്ച വിവരം കേട്ടു കണ്ടൻ മേനോൻ ഭയപ്പെട്ടു ഞെടുങ്ങി. ഗംഭീരഭാവം എല്ലാം പോയി. ഉടനെ നാട്ടിലേക്കു പുറപ്പെടാൻ തിരക്കി; പിറ്റെദിവസം പുലർകാലെ ഉദയന്തളിയിലേക്കു പുറപ്പെടാൻ നിശ്ചയിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/83&oldid=169892" എന്ന താളിൽനിന്ന് ശേഖരിച്ചത്