വൈ :- ചിലവ് പറയാൻ മാത്രം ഒന്നും ഇല്ല. സാരമില്ല. എനിക്ക് അത് ഇപ്പോൾ വെച്ചു കിട്ടേണമെന്ന് ആഗ്രഹവുമില്ല. എന്റെ പണവും എജമാനന്റെ പണവും വേറെയാണെന്നു ഞാൻ വിചാരിച്ചിട്ടില്ല.
രാ :- അതുപോരാ , പറയണം. എനിക്കു ഓർമ്മയില്ല. നിശ്ചയമായി പറയണം.
വൈ :- സാരമില്ലാത്ത് സംഖ്യയാണ്. എനിക്ക് ഇപ്പോൾ തന്നതുകൊണ്ട് തൃപ്തനായി. എനി ആ കണക്ക് ഇപ്പോൾ പറയുന്നില്ല. എജമാനനെ ക്ഷണിച്ചു കൂട്ടിക്കൊണ്ടുവന്നിട്ട് കണക്കു പറഞ്ഞു പണം മേടിക്കുന്നത് എനിക്കു പോരാത്തതാണ്. ഞാൻ ഈ കണക്കു പറകയില്ല.
രാ :- നിശ്ചയമായി നിങ്ങൾ പറയണം. എനിക്ക് അതു അറിഞ്ഞേ കഴിയുകയുള്ളു. എത്ര സംഖ്യ ചിലവായിട്ടുണ്ട്. എന്തു വകയാണ് പറയിൻ.
വൈ :- ഇതിൽ എജമാനൻ എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാൻ എല്ലാം പിന്നെ വാങ്ങിക്കൊള്ളാം.
രാ :- അതുപോരാ , തീർച്ചയായി എന്നോട് ഇപ്പോൾ തന്നെ പറയണം. എനിക്ക് അത് അറിയണം. നിശ്ചയമായിട്ട് പറയണം.
വൈ :- എന്തിനു എജമാനൻ എന്നെ ഇങ്ങിനെ നിർബന്ധിക്കുന്നു.
രാ :- നിർബന്ധം തന്നെ , പറയിൻ , പറയിൻ
വൈത്തിപ്പട്ടർ കുറെനേരം മൗനമായിരുന്നു.
രാ :- പറയിൻ , ഞാൻ ഇത്രയെല്ലാം താല്പർയ്യപ്പെട്ടു ചോദിച്ചാൽ പറയരുതെ, പറയിൻ
വൈ :- കല്പനയ്ക്ക് അനാദരവു ഞാൻ കാണിക്കുന്നില്ല. പറയാം. എന്റെ ബുദ്ധിമോശം കൊണ്ട് "ചെലവ്" എന്ന വാക്കു വായിൽ നിന്നു വീണുപോയി. അബദ്ധം വന്നുപോയി. എനി പറയാതെ നിവൃത്തിയില്ലല്ലോ. എനിക്കു വളരെ ലജ്ജയുണ്ട്. എങ്കിലും പറയാതെ നിവൃത്തിയില്ലല്ലോ. ശാരദയുടെ ജന്മനക്ഷത്രത്തിൻനാൾ ബ്രാഹ്മണർക്കു സമാരാധനകഴിച്ചവകയിൽ പതിനൊന്നിൽ ചില്വാനം ഉറുപ്പിക എന്റെ കയ്യിൽനിന്നു ചിലവു ഉണ്ട്. പിന്നെ രാമേശ്വരത്തിൽനിന്നു പുറപ്പെട്ടു വരുംവഴി ഒരു ദിവസം വണ്ടിക്കാർക്കു നാലുറുപ്പിക എട്ടണ ഞാൻ കൊടുത്തിട്ടുണ്ട്. പാൽ വാങ്ങിയ വക ചില്വാനം ഉറുപ്പികയോ മറ്റോ ഞാൻ കൊടുത്തിട്ടുണ്ട്. പൂഞ്ചോലക്കര