കൃ:-(ചിറിച്ചും കൊണ്ട്) നുമ്മടെ ഒപ്പല്ല, കള്ളരശീതിയാണെന്നു പറയാം.
രാ:-സർക്കാർ രേഖയെ കളവാണെന്നു പറയാൻ പാടുണ്ടോ?
കൃ:-(പിന്നെയും ചിറിച്ചും കൊണ്ട്) കളവു പറയാൻ ഉറയ്ക്കുന്ന പക്ഷം നിശ്ചയമായും പറയാം.
രാ:-അതു പാടില്ല. ഈ എഴുത്തുകൊണ്ട് എടത്തിലേക്ക് അപമാനമാണെന്നു പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാവിന്നില്ല. ആ പോക്കിരി വൈത്തിപ്പട്ടർ ഇങ്ങനെ ഒരു കത്ത് എഴുതിപ്പിച്ച് അയച്ചതിൽ നമ്മൾക്കു എന്തു അപമാനമാണ് ഉള്ളത്?
കൃ:-വളരെ അപമാനമുണ്ട്. ഒരു പോക്കിരി നമ്മളെ ഇത്ര അലക്ഷ്യമാക്കി അച്ഛന്റെ കുടുംബത്തിലെ സ്വത്തിന്ന് അവകാശം പറയിപ്പാൻ ചതിയായും കളവായും ഒരു ആളെ കൊണ്ടുവന്ന് "ഇതാ ഇയാളെ നിങ്ങൾ കുടുംബത്തിൽ ഒരാളാക്കി എടുത്തോളിൻ" എന്നു പറയുന്നതു കേട്ടുകൊണ്ട് അതിനു യാതൊരു മറുപടിയും പറയാതെ ഇളിഭ്യന്മാരെപ്പോലെ നിൽക്കുന്നതിൽ നമ്മൾക്കു അപമാനം ഒന്നുമില്ലെന്ന് അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. നിശ്ചയമായി മറുപടി അയക്കേണമെന്ന് ആണ് എന്റെ അഭിപ്രായം.
രാ:-(കുറേനേരം ആലോചിച്ചിട്ട്) ഈ എഴുത്ത് അയച്ചത് എവിടെനിന്നാണെന്നും എഴുത്ത് എഴുതിയ ആൾ ഇപ്പോൾ എവിടെ ഉണ്ടെന്നും ഒരു വർത്തമാനവുമില്ല. എങ്ങോട്ടാണ് എഴുതേണ്ടത്? എന്താണ് എഴുതേണ്ടത്? എനിക്ക് ഒന്നും തോന്നുന്നുല്ല.
കൃ:-എഴുത്ത് എഴുതിയ പെരുംകള്ളൻ വൈത്തിപ്പട്ടരുടെ നാട്ടിൽ എങ്ങാനും ഉള്ളവനായിരിക്കണം. അതിന്നു സംശയമില്ല. ആ ദിക്കിൽ അന്യേഷിക്കണം. ഈ കാര്യം വെറുതെ അച്ഛൻ വിട്ടുകളയരുത്. ആ വൈത്തിപ്പട്ടരെയും ഈ കത്തു എഴുതിയ പെരുംകള്ളനെയും കഠിനമായി ശിക്ഷിപ്പിക്കണം. ഈ മാതിരി ചതികൾ ഈ രാജ്യത്ത് ദുർല്ലഭമെ ഉണ്ടാവാറുള്ളൂ. ഉണ്ടാവുംബോൾ നല്ല അമർച്ച കൊടുക്കണം. എന്തു ചിലവായാലും ഈ കാര്യം അച്ഛൻ വെറുതെ വിട്ടുകളയരുത്.
രാ:-ഞാൻ എന്താണ് അപ്പു ചെയ്യേണ്ടത്? ആ വൈത്തിപ്പട്ടർ ഏതു ദിക്കിൽ ആണെന്ന് ആരറിഞ്ഞു. ജ്യേഷ്ടനു നിന്റെ അഭിപ്രായം വളരെ സമ്മതമാവുമെന്നു തോന്നുന്നു. ഞാൻ ഇതിനെപ്പറ്റി ഒന്നു ജ്യേഷ്ടനെ അറിയിക്കാം.