ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪
സൎവ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം

അത്യന്തം പ്രകാശസ്വരൂപനുമാകുന്നു. അപ്രകാരം തന്നെ സത്വാത്മകമായ ബുദ്ധിയും നിൎമലവും പ്രകാശസ്വരൂപവുമാകുന്നു. എന്നാൽ അതു സൂര്യരശ്മിയുടെ സമ്പൎക്കത്താൽ സൂര്യനെപ്പോലെ മിന്നുന്നസ്ഫടികക്കല്ലിനെപ്പോലെ ആത്മാവിന്റെ സാന്നിദ്ധ്യത്താൽ ആത്മാവിനെപ്പോലെ പ്രകാശിക്കുന്നതാകുന്നു. ആത്മപ്രകാശത്താലാകുന്നു ബുദ്ധിക്കു പ്രകാശമുണ്ടാവുന്നത്. ബുദ്ധിപ്രകാശത്താൽ മനസ്സു പ്രകാശിക്കുന്നു. മനസ്സിന്റെ പ്രകാശത്താൽ ഇന്ദ്രിയങ്ങളും ഇന്ദ്രിയപ്രകാശത്താൽ ശരീരവും പ്രകാശിക്കുന്നു. അതുകൊണ്ടു ദേഹേന്ദ്രിയാദികളായ അനാത്മവസ്തുക്കളിൽ മൂഢന്മാൎക്കു ആത്മബുദ്ധി ഭവിക്കുന്നു. കണ്ണാടിയിൽ കാണുന്ന നിഴലിനെ കുട്ടികൾ സത്യമായി കരുതുന്നില്ലെ? ബുദ്ധിയിൽ ആത്മാദ്ധ്യാസം നിമിത്തം ഇങ്ങിനെ ഒരു സാദൃശ്യം കാണുന്നുണ്ട്. അനാത്മ വസ്തുക്കളായ ദേഹേന്ദ്രിയാദികളിൽ ഞാൻ എന്ന അദ്ധ്യാസം കാണുന്നതിന്നു കാരണം പിന്നിൽ കാണുന്ന അദ്ധ്യാസങ്ങക്കു മുമ്പിൽ മുമ്പിൽ കാണുന്ന അദ്ധ്യാസങ്ങൾ തന്നെ സുഷുപ്തിമൂൎഛയിൽനിന്നു ഉണൎന്നെഴുനീറ്റവരിലും അദ്ധ്യാസവാസന കാണുന്നുണ്ട്. അതിനാൽ അവിദ്യ എന്നുള്ളത് അനാദിയാകുന്നു. ഈ അദ്ധ്യാസബാധക്കുള്ള കാരണവും പറഞ്ഞുതരാം.

ജനനമരണാദിദുഃഖകരമായ ഈ അനൎത്ഥം ​എവിടെ നിന്നുണ്ടായെന്നു അറിയേണ്ടതാണല്ലൊ. ആത്മോപാധിയായ അവിദ്യക്കു രണ്ടു ശക്തികളുണ്ട്. അവക്കു വിക്ഷേപം എന്നും ആവരണം എന്നും പേരാകുന്നു. ഇവകളാലാകുന്നു ആത്മാവിന്നു സംസാരമുണ്ടായത്. ആവരണശക്തി ശുദ്ധതമോഗുണപ്രധാനയായതിനാൽ ആവരണത്തിന്നു മുഖ്യഹേതുവായി ഭവിച്ചു. അതിനെയാകുന്ന മൂലജ്ഞാനമെന്നു പറയപ്പെടുന്നത് സകല പ്രപഞ്ചത്തേയും ആവരണശക്തിയാകുന്നു മോഹിപ്പിച്ചിരിക്കുന്നത്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sarvavedhandha_sidhandha_sarasamgraham_1920.pdf/69&oldid=207696" എന്ന താളിൽനിന്ന് ശേഖരിച്ചത്