ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൦ ഹാലാസ്യമാഹാത്മ്യം

രടി, പന്നി മുതലായ ദുഷ്ടമൃഗങ്ങളുടെ നിവാസഭൂമിയായിരുന്ന ഈ കദംബവനം ഇപ്രകാരം ഒരു പട്ടണമാക്കി. ഇനി ഈ പുരത്തെ ശുദ്ധിപ്പെടുത്തുകയും രക്ഷിക്കുകയും ചെയ്യുന്നതെങ്ങനെയെന്നുവിചാരിച്ചു. ഈ വിവരം ഹാലാസ്യനാഥനായ ഭഗവാൻ അറിഞ്ഞു മഴ പെയ്യുകയാണെന്നു തോന്നത്തക്കവണ്ണം ചന്ദ്രകിരണങ്ങളെക്കാളും നിർമ്മലമായ ഗംഗാജലം സർവത്രവർഷിച്ചു ആ പുരം മുഴുവനും ശുദ്ധിപ്പെടുത്തി അനന്തരം നഗരത്തിന്റെ രക്ഷക്കായി ശാസ്താവിനെ കിഴക്കേദിക്കിലും, സപ്തമാതാക്കളെ ദക്ഷിണദിക്കിലും, വിഷ്ണുവിനെ പശ്ചിമദിക്കിലും ഭദ്രകാളിയെ ഉത്തരദിക്കിലും പ്രതിഷ്ഠിക്കുകയെന്നു അശരീരിവാക്കുണ്ടായി. കുലശേഖരപാണ്ഡ്യൻ അശരീരിപ്രകാരംതന്നെ നാലുദിക്കിലും പ്രതിഷ്ഠ നടത്തിച്ചു. പൂജാനൈവേദ്യങ്ങളും വഴിപോലെചെയ്യിപ്പിച്ചു. ഹാലാസ്യനാഥന്റെ സാന്നിധ്യവിശേഷംകൊണ്ടു അന്നുമുതൽ ആ നഗരം വളരെ വളരെ അഭിവൃദ്ധിയിൽ ആവുകയും കുലശേഖരപാണ്ഡ്യനു സമ്പത്തുകൾ വർദ്ധിക്കുകയും ചെയ്തു. ആരാലും അദൃശ്യനെങ്കിലും ലിംഗരൂപത്താൽ വ്യക്തനായി പുരമദ്ധ്യത്തിങ്കൽ ഉള്ള വിമാനത്തിൽ നിവസിച്ചു ഭക്തരക്ഷണംചെയ്യുന്ന സുന്ദരേശ്വരന്റെ നിത്യസാന്നിദ്ധ്യം ഉണ്ടെങ്കിൽ പിന്നെ എന്താണുണ്ടാകാത്തത്. ശിവഭക്തനായ കുലശേഖരപാണ്ഡ്യൻ കാലക്രമേണ മറ്റുള്ള എല്ലാരാജാക്കന്മാരേയും ജയിച്ചു ഭൂവലയംകീഴടക്കി സാർവ്വഭൗമത്വം കൈക്കൊണ്ടു ആറായിരം വത്സരം സർവഭോഗങ്ങളോടുംകൂടെ ഹാലാസ്യനാഥനേയും സേവിച്ചുവസിച്ചു. തന്റെ പുത്രനായ മലയധ്വജൻ പ്രാപ്തിയായപ്പോൾ നിശ്ശേഷം രാജലക്ഷണസമ്പന്നനും സകലകലാവല്ലഭനും ആയ പുത്രനെ രാജാവാക്കി വാഴിക്കയെന്നു സുന്ദരേശൻതന്നെ ഒരു ദിവസം രാത്രിയിൽ രാജാവിനോടു ചെന്നു പറകയാൽ ഒരു മുഹൂർത്തത്തിൽ മലയധ്വജനെ രാജാവാക്കി അഭിഷേകം നടത്തി, പുത്രനോട്. അല്ലയോ വത്സല! മൂന്നുലോകത്തിനും ഏകനാഥനായിരിക്കുന്ന സുന്ദരേശനാണ് നമ്മുടെ കുലദൈവം. ഇവുടെ ലിംഗരൂപിയായി വസിക്കുന്ന അദ്ദേഹത്തിന്റെ പാദപത്മങ്ങളെ നീ എക്കാലത്തും ഒന്നുപോലെ ഭജിച്ചുകൊള്ളണം. അങ്ങനെ ചെയ്താൽ ധർമ്മാർത്ഥകാമമോക്ഷങ്ങൾ നാലും നിശ്ചയമായും നിനക്കു സിദ്ധിക്കും. സുന്ദരേശനെപ്പോലെ ഭക്തന്മാരിൽ വാത്സല്യമേറിയ ഒരു ദേവൻ വേറെ ഇല്ല, അതുകൊണ്ടു നീ സുന്ദരേശനെ സേവിച്ചു ശത്രുസംഹാരവും ചെയ്തു ക്ഷേമകരമാംവണ്ണം രാജ്യപരിപാലനം നടത്തുകയെന്നുംപറഞ്ഞ് ക്ഷേത്രത്തിനകത്തുപോയി സുന്ദരേശ്വരലിംഗത്തിനു പ്രദക്ഷിണനമസ്കാരാദികളെച്ചെയ്ത് ശരീരത്തോടു കൂടിത്തന്നെ ശിവസായൂജ്യത്തെ പ്രാപിച്ചു.

                       എട്ടാം അദ്ധ്യായം മധുരാപുരനിർമ്മാണം എന്ന
                              മൂന്നാമത്തെ ലീല സമാപ്തം

__________ഠ__________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/72&oldid=170752" എന്ന താളിൽനിന്ന് ശേഖരിച്ചത്