രണ്ടാം പ്രകരണം
ചൊല്ലാർന്നീടുന്ന മുല്ലത്തറയിലമരുമ-
ക്കല്ലിലും നല്ലസൌര-
ഭ്യോല്ലാസം ചെറ്റതിൻ പൂമ്പൊടികളണകയാൽ
ചെല്ലുമാറില്ലയോവാൻ?
സുഖം.
സ്വാതന്ത്ര്യം, പൂർണ്ണമാകും സ്വഭരണ, മഥ ദുർ-
ഭീതിയില്ലായ്മ, യെന്ന-
ല്ലാതങ്കം ദുസ്സഹം വന്നിടുകിലുമിളകാ-
തുള്ള നൽശാന്തഭാവം,
ചേതസ്സംതൃപ്തിയെന്നുള്ളിതുകളിൽ നിവസി-
ക്കുന്നു സൌഖ്യം, നിനയ്ക്കിൽ
സ്ഫിതം ദ്രവ്യം പ്രതാപം ബലമിതുകളില-
ല്ലായതിനുള്ള വാസം
സുഭാഷിതം.
സുഭാഷിതമയം ദ്രവ്യം സംഭരിക്കാത്ത പൂരുഷൻ
പ്രസംഗയാഗകാലത്തിലെന്തു ദക്ഷിണ നൽകിടും?
പാരിൽ മൂന്നാണു രത്നങ്ങൾ സൂക്തി പാനീയ മന്നവും;
മൂഢന്മാരശ്മഖണ്ഡത്തെ രത്നമെന്നരുളുന്നിതേ.
അവസരമതിലുരചെയ്വാ-
നരിയ സുഭാഷിതമറിഞ്ഞിടാത്ത പുമാൻ
പടുബുദ്ധികളുടെയിടയിൽ
പടമെന്നതുപോലെതന്നെ ശോഭിക്കും.
സ്ത്രീവിദ്യാഭ്യാസം.
കുട്ടിക്കു ബാല്യമതിൽ വേണ്ട വിവേകമേകി-
പുഷ്ടിപ്പെടുത്തുവതിനും, ദയിതന്റെ കാര്യം
ഇഷ്ടാനുകൂലമഖിലം നിറവേറ്റുവാനും
മട്ടാർന്നവാണികളിൽ വിദ്യ വിശേഷഹേതു.
ഉണ്ടാകുന്ന സുതർക്കു ബാല്യമതിലേ-
യോരോ പദാർത്ഥം മുദാ
ചൂണ്ടിക്കാട്ടിയതിന്റെ തത്വമഖിലം
നന്നായറിഞ്ഞീടുവാൻ
വേണ്ടും വണ്ണമുരയ്പതിന്നു പകരം
മൂഢാംഗനാ സന്തതം
വേണ്ടാതുള്ളൊരു ദുർവചസ്സു കളവും
ദുർബോധവും ചേർത്തിടും