രണ്ടാം പ്രകരണം
സ്തുതികൾ.
പ്രഭാത സ്തുതി.
ലോകാധീശ! ഭവാൻ്റെ നല്ല കൃപയാൽ
സൌഖ്യേന ഞാൻ നിദ്ര ചെ-
യ്കേകാന്തം ശയനത്തിൽ നിന്നുമെഴു-
റ്റീടുന്നിതിപ്പോൾ വിഭോ!
പാകംപോൽ ശുഭമായ ബുദ്ധി സതതം
സർവത്തിലും തോന്നുവാൻ
നീ കാരുണ്യമൊടേയനുഗ്രഹമെനി-
ക്കേകുന്നതിന്നായ് തൊഴാം.
നിദ്രാരംഭസ്തുതി.
ഈശാ! നിൻകൃപകൊണ്ടു വേണ്ടവിധമാ-
പത്തൊന്നുമെത്താതെയി
ന്നീശയ്യാതലമാണു രാത്രിയിലുറ-
ങ്ങീടാൻ തുടങ്ങുന്നു ഞാൻ;
ഏശും മൂഢതകൊണ്ടു വല്ല ദുരിതം
ഞാൻ ചെയ്തുപോയെങ്കിലും
നീ ശിക്ഷയ്ക്കു വിധിച്ചിടാതതു പൊറു-
ത്തീടാൻ വണങ്ങുന്നിതാ.
സാമാന്യ സ്തുതി.
എനിക്കു ഹിതമെന്തെന്നതറിയുന്നില്ല ഞാൻ വിഭോ!
ഈശാ! നീതന്നെ ചിന്തിച്ചിട്ടെനിക്കു ഹിതമേകണം.
അത്യന്ത സൂക്ഷ്മതരമാകിയ ബുദ്ധികൊണ്ടും
ശ്രുത്യന്ത വർണ്ണിത മഹാവചനങ്ങൾകൊണ്ടും
നിത്യം തിരഞ്ഞിടുകിലും തെരിയാതെ മേവു-
മാദ്യന്തഹീനപരവസ്തുവിനെത്തൊഴുന്നേൻ.
സഭാസൌഖ്യത്തോടേ ജഗതിയിൽ വസി-
ക്കേണമെന്നാകിലെന്നും
സദാചാരം സാരം സകലമതിലും
സ്വീകരിച്ചീടവേണം;
സദാചാരത്തിനുള്ളൊരു വലിയ മൂ-
ലം സമസ്തേശ്വരങ്കൽ
സദാ വർദ്ധിച്ചീടുന്നൊരു ഭയ;മതി-
ങ്ങേറ്റമുണ്ടാകവേണം.