മുഖപ്രസംഗം
ഈ പുസ്തകം ൧൦൭൬-ാമാണ്ടിലാണ് ആദ്യമായി അച്ചടിപ്പിച്ചത്. ആയിടയ്ക്കു തന്നെ "മലയാള മനോരമ" മുതലായ മാന്യപത്രങ്ങളും പല സഹൃദയന്മാരും ഇതിനെപ്പറ്റി വളരെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവിതാംകൂർ ഗവണ്മെൻറ് ഇതിനേയും ഇതിന്റെ ഒരംശമായ "നീതിവാക്യങ്ങൾ" എന്ന പുസ്തകത്തേയും ഇംഗ്ലീഷു പള്ളിക്കൂടങ്ങളിൽ പാഠ്യപുസ്തകമായി സ്വീകരിക്കയും, ൧൦൭൬-ാമാണ്ടു മേടമാസം ൭-ാംനു ഒന്നു ഇതിന്റെ ഒരു പ്രതി കരുണാനിധിയായ നമ്മുടെ മഹാരാജാവു തിരുമനസ്സിലെ തിരുമുമ്പിൽ അടിയറവച്ചതിൽ അവിടുന്നു സന്തോഷപൂർവം ഒരു വീരശൃംഖല സമ്മാനമായി കല്പിച്ചു തരികയും ചെയ്തിട്ടുണ്ട്. ആയവസരത്തിൽ പല സഹൃദയന്മാരിൽ നിന്നും എനിക്ക് അനുമോദനപത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. അവയിൽ കൂനേഴത്തു പരമേശ്വരമേനോൻ അവകൾ അയച്ചിട്ടുള്ള സരസങ്ങളായ നാലു ശ്ലോകങ്ങളെ ഇതിനടിയിൽ ചേൎത്തിരിക്കുന്നു.
ആദ്യകാലങ്ങളിൽ ഇതിന്റെ പ്രചാരം മന്ദമായിരുന്നു എങ്കിലും കാലക്രമേണ ആവശ്യക്കാർ വൎദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നാം പതിപ്പു മുഴുവനും ചെലവായിട്ട് ഇപ്പോൾ ഏകദേശം ഒരു വത്സരം ആയിട്ടുണ്ട്. ഈയിടെ ഏതാനും മാസങ്ങളായി ഇതിന്റെ ആവശ്യക്കാൎക്ക്, "അച്ചടിച്ച പ്രതികൾ തീൎന്നുപോയതിനാൽ വീണ്ടും പ്രതികൾ അച്ചടിക്കാൻ ആരംഭിച്ചിരിക്കുന്നു" എന്നു് മറുപടികൾ അയച്ചതിനുതന്നെ ഒട്ടധികം പണം ചെലവായിരിക്കുന്നു. സ്നേഹിതന്മാരിൽ ചിലർ പുസ്തകം അയയ്ക്കാഞ്ഞതിനാൽ മുഷിഞ്ഞിട്ടും ഉണ്ട്. ഈ വക ഉപദ്രവങ്ങളാൽ പ്രേരിതനായിട്ടാണ് ഇപ്പോൾ ഈ രണ്ടാം പതിപ്പിനെ ഞാൻ പ്രസിദ്ധപ്പെടുത്തുന്നത്.
ഒന്നാംപതിപ്പിനുശേഷം സംസ്കൃതതർജ്ജമകളായും മറ്റും ഞാൻ എഴുതിട്ടുള്ള ഏതാനും ശ്ലോകങ്ങളും, ൧൦൭൮ ധനുവിൽ കെ. ചിദംബരവാധ്യാർ ബി. ഏ. അവകൾ ആവശ്യപ്പെട്ട