ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംവത്സരത്തേക്കു മാത്രമേ ഗ്രോവ്സ് സായ്പിനോടു കരാർ ചെയ്തിട്ടുള്ളൂ. അതു കഴിഞ്ഞശേഷം എന്തു ചെയ്യേണ്ടു എന്നു അറിഞ്ഞിരുന്നില്ല. അങ്ങിനേ ഇരിക്കേ ൧??൮ ജൂൻ ൫-ാം തിയ്യതി റയിന്യൂസ് ഉപദേഷ്ടാവു അന്തരിച്ചു എന്ന വൎത്തമാനം ചിറ്റൂരിൽ എത്തി. ഗ്രോവ്സ് സായ്പ് അതു കേട്ട ഉടനേ ഗുണ്ടൎത്ത് സായ്പിനോടു അതു കൎത്താവിൻ വിളി എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങൾ തിരുനെല്‌വേലിയിലേക്കു ചെന്നു അവിടത്തേ സഹോദരന്മാൎക്കു സഹായിച്ചാൽ കൊള്ളാം എന്നു പറഞ്ഞു. ഗുണ്ടൎത്ത്പണ്ഡിതർ അതു കേട്ടപ്പോൾ റെയിന്യൂസ് സായ്പ് ഒരിക്കൽ തിരുനെല്‌വേലിയിൽ വെച്ച് “ഗുരുക്കളായ നിങ്ങൾ ഒരു ബോധകനായിത്തീൎന്നതുകൊണ്ടു ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിച്ചാൽ ഒന്നാം അവകാശം ഞങ്ങൾക്കു എന്നു ഓൎക്കേണം” എന്നു ചൊല്ലിയ വാക്കു ഓൎത്തു എന്നു മാത്രമല്ല, അയ്യോ റെയിന്യൂസ് സായ്പിനോടൊന്നിച്ചു പ്രവൃത്തിപ്പാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷം ഉണ്ടാകുമായിരുന്നു എന്നു വിചാരിച്ചു ഖേദിക്കയും ചെയ്തു. എന്നിട്ടും തിരുനെല്‌വേലിയിലേ സഹോദരന്മാരോടു “ഞാൻ സഹായത്തിനായി മാത്രമല്ല സ്ഥിരമായി നിങ്ങളോടൊന്നിച്ചു പ്രവൃത്തിപ്പാൻ അങ്ങുവരും” എന്നു അറിയിച്ചു. വിവാഹസ്ഥനായിത്തീൎന്നാൽ കൊള്ളാം എന്നും കൂടേ അവർ താല്പയ്യപ്പെട്ടിരുന്നതുകൊണ്ടു ഗ്രോവ്സ് സായ്പ് മുഖാന്തരമായി മേല്പറഞ്ഞ യുവതിയോടു അന്വേഷിക്കേണ്ടി വന്നു. അതിനു; “ജീവപയ്യന്തം മിശ്ശൻവേല ചെയ്താൻ നേൎന്നിരിക്കുന്നെങ്കിൽ ഞാൻ വിശ്വാസത്തോടും നന്ദിഭാവത്തോടും കൂടേ സമ്മതിക്കും. വിവാഹസ്ഥയായിരിക്കുന്നതു എനിക്കു ഇപ്പോൾ പ്രയാസം തോന്നുന്ന ഈ തല്ക്കാലസ്ഥിതിയിൽനിന്നുള്ള ഒരു ഉദ്ധാരണം പോലേ തോന്നുന്നു” എന്നതു മദാമ്മയുടെ ഉത്തരം ആയിരുന്നു. ൧൮൩൮ ജൂലായി ൨൩-ാം തിയ്യതി കല്യാണവും കഴിഞ്ഞു. ൨ നാൾക്കു പിൻ ദമ്പതിമാർ ഒരു കൂലിവണ്ടിയിൽ കയറി തിരുനെല്‌വേലിക്കു പോകേണ്ടിവന്നു. ഈ സ്ഥിതി ഇരുവൎക്കും സന്തോഷകരമായിരുന്നെങ്കിലും വിരഹതാപം അല്പമല്ലയായിരുന്നു. വിശേഷാൽ സ്ക്കൂൾകുട്ടികൾ വളരേ കരഞ്ഞു സായ്പിനോടും മദാമ്മയോടും പോകരുതേ എന്നു നിത്യം അപേക്ഷിച്ചു. ഗ്രോവ്സ് സായ്പോ “അയ്യോ ഗുണ്ടൎത്ത് എന്ന വലങ്കൈയും യൂലിയ ഡിബോവ എന്ന ഇടങ്കൈയും പോയിപ്പോയശേഷം എന്റെ അവസ്ഥ മേലാൽ എന്തായിത്തീരും” എന്നു പ്രലപിച്ചു പറഞ്ഞു പോൽ. ഗുണ്ടൎത്ത് പണ്ഡിതരോ അന്നുമുതൽ സാക്ഷാൽ ഒരു ബോധകനായിത്തീൎന്നു.

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/20&oldid=214160" എന്ന താളിൽനിന്ന് ശേഖരിച്ചത്