ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദേശം മോഹാലസൃപ്പെട്ടു കിടക്കുന്നു എന്നു കണ്ടു, അവളുടെ അരികേ തന്നേ നിന്നു. തിരമാല ഇരുഭാഗത്തോട്ടും അലെച്ചാലും നാം ദൈവകയ്യിൽ ഇരിക്കുന്നല്ലോ എന്നു പറഞ്ഞു അവളെ ആശ്വസിപ്പിച്ചു. അനന്തരം ഒരു വലിയ ഓളം വന്നു പത്തമ്മാരിയിൽ വെള്ളം കയറി നിറഞ്ഞതു കണ്ടപ്പോൾ കഥ തീൎന്നു, ഞങ്ങൾ മുങ്ങിപ്പോകും എന്നുവിചാരിച്ചു. ഞാൻ ഭാൎയ്യയോടു “സമുദ്രം തൻ മരിച്ചവരെ തിരിച്ചു കൊടുക്കും” എന്നു പറഞ്ഞ നിമിഷത്തിൽ തന്നേ ഞങ്ങളുടെ മനസ്സിലേ ക്ഷോഭം ശ്രമിച്ചു, ഉടനേ സമുദ്രത്തിലേ ക്ഷോഭവും നിന്നു എന്നു സായ്പ് അന്നേത്ത വൃത്താന്തത്തെ പറ്റി എഴുതിയിരിക്കുന്നു.

എങ്ങിനേ എങ്കിലും നവെമ്പർമാസം ൧-ാം തിയ്യതി പത്തമ്മാരി മംഗലപുരത്തേ തുറമുഖത്തെത്തി നങ്കൂരമിട്ടു. പിറേറദിവസം രാവിലേ തോണികയറി അവിടത്തേ അഴിയിലൂടേ ഓടി കരക്കണെഞ്ഞിറങ്ങി. അവിടേ കാത്തുനിന്നിരുന്ന മേഗ്ലിങ്ങ്,പണ്ഡിതർ സ്റ്റേഹിതരെ ബഹുസന്തോഷത്തോടേ കൈക്കൊണ്ടു സായ്പ് മൂന്നു സംവത്സരമായി സ്വന്തഭാഷ സംസാരിക്കായ്കകൊണ്ടു ആദ്യദിവസങ്ങളിൽ ഗൎമ്മനഭാഷ സംസാരിപ്പാൻ പ്രയാസം തോന്നി (മതാമ്മ ഫ്രഞ്ച്ഭാഷയായിരുന്നു സംസാരിച്ചിരുന്നതു).—രണ്ടു മാസത്തോളം മാത്രം അവിടേ താമസിച്ച ശേഷം ൧൮൩൯-ാം കൊല്ലം ജനുവരിമാസത്തിൽ കേരളദേശത്തിൽ ഒരു മിശ്ശൻ സ്ഥാപിപ്പാൻ കഴിയുമോ എന്നു അവിടേ ചെന്നു അന്വേഷിപ്പാൻ സായ്പിനോടു മേലധികാരികൾ താല്പൎയ്യപ്പെട്ടു. ചില സംവത്സരങ്ങൾക്കു മുമ്പേ റേനിയുസ് എന്ന ഉപദേഷ്ടാവു മിഖായേൽ എന്ന ഉപദേശിയെ അഞ്ചരക്കണ്ടിയിൽ ഒരു ഇംഗ്ലിഷ്‌സായ്പിന്റെ തോട്ടത്തിൽ പണി എടുക്കുന്ന അടിമകളോടു സുവിശേഷം അറിയിക്കേണ്ടതിനു അയച്ചിരുന്നു. അവരുടെ അവസ്ഥ അതിഭയങ്കരം; ആ സ്ഥലം സാക്ഷാൽ പിശാചിന്റെ ഒരു കോട്ടയായിരുന്നു എന്നു പറയാം. എന്നിട്ടും അവിടേ ഒരു വാതിൽ തുറന്നുവന്നിരിക്കുന്നെന്നും സുവിശേഷം കേൾപ്പാൻ പലക്കും താല്പൎയ്യമുണ്ടു എന്നും കൂടേ കേട്ടു. ഈ പ്രയാസനിലയിൽ മിഖായേൽ ബുദ്ധിമുട്ടി ഒരു സഹായത്തിനായി അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. അതു ദൈവത്തിന്റെ വിളി തന്നേ എന്നു അറിവാനായിട്ടു വേറേയൊരു സംഗതിയുമുണ്ടായിരുന്നു. ഫേബിക്ക്‌സായ്പിന്റെ പ്രസംഗം കേട്ടു വിശ്വസിച്ച സ്ട്രേഞ്ച് എന്ന ജഡ്ജിസായ്പ് അന്നു തലശ്ശേരിയിൽ പാൎത്തു. ഈ സായ്പ് വിലാത്തിയിലേക്കു പോകുന്നതിനു മുമ്പായി താൻ പാൎത്ത ഭംഗിയുള്ള വീടും പറമ്പും ഒക്കയും ബാസൽ മിശ്ശന്നു സമ്മാനമായിക്കൊടുത്തിരുന്നു. അതുകൊണ്ടു മംഗലപുരത്തിലേ സഹോദരന്മാർ ഗുണ്ടൎത്ത്പണ്ഡിതരെ അങ്ങോട്ടയപ്പാൻ നിശ്ചയിച്ചു. ഇല്ലിക്കുന്നിന്മേൽ 4

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/23&oldid=214174" എന്ന താളിൽനിന്ന് ശേഖരിച്ചത്