- ബ്രഹ്മർഷിപ്രവരന്മാരമരമുനികളും
- സമ്മദം പൂണ്ടുവാഴും മന്ദിരനികരങ്ങൾ
- സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
- സംഖ്യവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം"
- അഗസ്ത്യാശ്രമം, രാമായണം.
ഇങ്ങിനെ മനോഹരങ്ങളായ പ്രകൃതിവർണ്ണനങ്ങൾ പകർത്തിത്തുടങ്ങുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മിയ്ക്കവാറും ഇവിടെ സംക്രമിപ്പിയ്ക്കേണ്ടിവരും! അത്രമാത്രം അകൃത്രിമസുന്ദരങ്ങളാണവ!
ഭക്തിയാണദ്ദേഹത്തിന്റെ കവിതയുടെ ജീവനാഡി. ഈ രസം അദ്ദേഹത്തിന്റെ കവിതകളിൽ സാർവ്വത്രികമായി പരിസ്ഫുരിച്ചുകാണാം. "ചെറുശ്ശേരി"യെപ്പോലെ ഇടയ്ക്കിടയ്ക്കു ഫലിതവും രസികത്തവും പ്രകടിപ്പിയ്ക്കുന്നതിന്നൊ, നമ്പ്യാരേപ്പോലെ സാർവത്രികമായി പരിഹാസവും ശകാരവും പൊഴിയ്ക്കുന്നതിന്നൊ നമ്മുടെ ഭക്തകവി ശ്രമിയ്ക്കാറില്ല. അദ്ദേഹത്തിന്നു ചിരിപ്പാനൊ, കളിപ്പാനൊ, രസിപ്പാനൊ സമയമില്ല. പ്രശാന്തസുന്ദരവും പ്രകൃതിഗംഭീരവുമായ ഒരന്തരീക്ഷത്തിലിരുന്നു ഭഗവന്നാമോച്ചാരണം ചെയ്തു ഭക്തിബാഷ്പംവാർക്കാനാണദ്ദേഹത്തിന്റെ സദാനേരവുമുള്ള പരിശ്രമം! നമ്പിയാർ നാരാചനിശിതമായ പരിഹാസശരങ്ങൾ പ്രയോഗിച്ചും കണ്ടമാനം ശകാരിച്ചുമാണു് തന്റെ വായനക്കാരെ മിയ്ക്കപ്പോഴും സന്മാർഗ്ഗപാഠങ്ങൾ പഠിപ്പിയ്ക്കുന്നതു്; ചെറുശ്ശേരിയാകട്ടെ അത്യുജ്വലങ്ങളാ