മ്മണിരഥം തന്നിലകം കുളിർക്കവെ
മണിവർണ്ണൻ തന്നെ തെളിഞ്ഞു കണ്ടു ഞാൻ "
പാർത്ഥസാരഥി, ഭാരതം
ദിവ്യമായ ഈ കമനീയചിത്രം, കവിയുടെ ഹൃദയത്തിൽ അകംകുളിർക്കത്തക്കവണ്ണമിരിക്കുന്ന ഈ പരിപാവനമായ സചേതനചിത്രം, ആരുടെ ഹൃദയത്തെ കുളിർപ്പിക്കയില്ല! ഇതാരുടെ ഹൃദയത്തെ വിമലമാക്കുകയില്ല!!!
ആർ. ഈശ്വരപ്പിള്ളയവർകൾ എഴുത്തച്ഛന്റെ കവിതാരീതിയെപ്പറ്റി പറയുന്ന ഒരു ഘട്ടത്തിൽ, "മിൽട്ടന്റെ ഗാംഭീർയ്യവും, ഗോൾഡ് സ്മിത്തിന്റെ സാരള്യവും, ഗ്രേയുടെ ലാളിത്യവും ഇദ്ദേഹത്തിന്റെ മിയ്ക്ക കവിതകളിലും സവിശേഷം പ്രകാശിച്ചു കാണുന്നുണ്ടെന്നു പറകയുണ്ടായി. മഹാകവി 'ഗീഥി' ഒരിക്കൽ "സംവത്സരാരംഭത്തിലെ പുഷ്പങ്ങളും, സംവത്സരാവസാനത്തിലെ ഫലങ്ങളും , ആത്മാവിനു മോഹത്തേയും ആനന്ദപാരവശ്യത്തേയും നിർവൃതിയേയും സംതൃപ്തിയേയും ജനിപ്പിയ്ക്കുന്നതായ സകലവും, എന്നുവേണ്ട, ഭൂലോകവും സ്വർല്ലോകവുംകൂടിയും ഒരു നാമത്തിൽ യോജിപ്പിയ്ക്കപ്പെടണമെങ്കിൽ "ശാകുന്തളം" എന്നു പറഞ്ഞാൽ മതി; അതിൽ എല്ലാം അന്തർഭവിച്ചിരിക്കുന്നു" വെന്നു പറകയുണ്ടായത്രേ. എഴുത്തച്ഛന്റെ സാഹിത്യത്തെപ്പറ്റിയും അദ്ദേഹത്തിന്നോരഭിപ്രായം പറവാനിടവന്നിരുന്നുവെങ്കിൽ ഇതിലും വലിയ അഭിപ്രായങ്ങളാകുമായിരുന്നു അദ്ദേഹം പുറപ്പെടീയ്ക്കുക.