പ്രിയന്മാരായ സാഹിത്യകാരന്മാരല്ല, സത്യപ്രഭാഷകന്മാരായ കുശാഗ്രബുദ്ധികളാണു് ആവശ്യം. ഒരു രാജ്യക്കാരുടെ വികലവും, ശിഥിലവും, അതിശയോക്തിപൂർണ്ണവുമായ ചരിത്രം വാസ്തവചരിത്രത്തിന്റെ ഗുണം ഒരിക്കലും ചെയ്യുന്നതല്ല. കാളിദാസൻ, വിക്രമാർക്കൻ, ശങ്കരാചാര്യർ തുടങ്ങിയുള്ള മഹാന്മാരുടെ വാസ്തവചരിത്രം കവികളൂടെ കരശില്പത്തിൽനിന്നു പുറത്തുവരുന്ന ചരിത്രത്തേക്കാൾ എത്ര മമതയോടും ശ്രദ്ധയോടും കൂടിയാണു നാം വായിയ്ക്കുകയെന്നു പറയേണ്ടതില്ലല്ലൊ.
മഹാകവി തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രവും മുൻപ്രസ്താവിച്ചപോലെ മിയ്ക്കവാറും കാലയവനികയ്ക്കുള്ളിൽ തിരോഹിതമായാണിരിയ്ക്കുന്നതു്. അദ്ദേഹം ജനിച്ചതും ജീവിച്ചതുമായ "തുഞ്ചൻപറമ്പ്" എന്ന സ്ഥലം ഇപ്പോഴും പണ്ഡിതപാമരന്മാരടക്കമുള്ള സകലകേരളീയരുടേയും ഭക്തിബഹുമാനങ്ങൾക്കു പാത്രമായി ഇന്നും പ്രശോഭിച്ചുകൊണ്ടിരിയ്ക്കുന്നു. ബ്രിട്ടീഷുമലബാറിൽ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിന്നല്പം പടിഞ്ഞാറു തിരൂർ റെയിൽവെ സ്റ്റേഷനിൽനിന്നു സുമാർ ഒരു നാഴിക തെക്കുപടിഞ്ഞാറായും, പൊന്നാനിപ്പുഴയുടെ തീരത്തിലായുമാണു പ്രസ്തുതക്ഷേത്രം സ്ഥിതിചെയ്യുന്നതു്. ഇതിന്റെ മദ്ധ്യത്തിൽ ഇപ്പോൽ ഓടുമേഞ്ഞുള്ള ഒരു ചെറിയ "ഗുരുമഠ"വും, അതിന്റെ ചുറ്റുപാടുമായി പറമ്പുനിറയെ മനോഹരങ്ങളായ കേരവൃക്ഷങ്ങളും നിൽക്കുന്ന