"വെട്ടത്തുനാടു" രാജ്യം അനേകം വിദ്വാന്മാരുടേയും കവികളുടേയും ജന്മഭൂമിയായി അന്നും ഇന്നും ഒരുപോലെ അതിന്റെ നാമധേയത്തിന്നു് അന്വൎത്ഥത വരുത്തീട്ടുണ്ട്. മഹാഭക്തനും മഹാകവിയുമായ മേപ്പത്തൂർ ഭട്ടതിരി, അദ്ദേഹത്തിന്റെ ഗുരുവും പണ്ഡിതാവതംസവുമായ അച്യുതപ്പിഷാരടി, നാരായണീയത്തിന്നു "ഭാവപ്രകാശിക"യെന്ന വ്യാഖ്യാനമെഴുതിയ വാസുദേവഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികളുമായി വളരെ ദിവസം വാദം നടത്തിയ പ്രസിദ്ധവൈയാകരണനായ നാണപ്പപിഷാരടി എന്നീ മഹാന്മാരെല്ലാം വെട്ടത്തുനാട്ടിന്റെ സന്തതികളാണു്. ഇവരെക്കൂടാതെ അനേകം താൎക്കികന്മാരും വൈയാകരണന്മാരുമായ നമ്പൂതിരിമാർ ഈ നാട്ടിലുണ്ടായിട്ടുണ്ടു്. മഹാകവി വള്ളത്തോൾ, കുറ്റിപ്പുറത്ത് കേശവൻനായർ മുതലായ അനുഗൃഹീതവാസനാകവികളുടെ ജനനത്താൽ ഇന്നും ഈ രാജ്യത്തിന്റെ മാഹാത്മ്യത്തിന്നു മാറ്റു കൂടിക്കൊണ്ടു തന്നെ വരികയാണല്ലൊ ചെയ്യുന്നതു്.
എഴുത്തച്ഛന്റെ ജീവകാലം ഏതാണെന്നു് ഇതുവരെയും ക്ഌപ്തപ്പെട്ടുകഴിഞ്ഞിട്ടില്ല. ഡാക്ടർ ഗുണ്ടർട്ടു്, മിസ്റ്റർ ലോഗൻ, മിസ്റ്റർ ബർണൽ എന്നീ പണ്ഡിതന്മാർ അദ്ദേഹം ക്രിസ്തുവർഷം പതിനേഴാം ശതാബ്ദത്തിൽ (കൊല്ലവർഷം ൭൭൬ മുതൽ ൮൭൫ വരെയുള്ള കാലം) ആണു ജീവിച്ചിരുന്നതെന്നഭിപ്രായപ്പെടുന്നു. "കേരളകൗമുദി" കർത്താവായ കോവുണ്ണിനെടുങ്ങാടി-