എന്നദ്ദേഹം "ഹരിനാമകീർത്തന"ത്തിൽ പറഞ്ഞിട്ടുള്ളത് ഈ മഹാനെ അനുസ്മരിച്ചാണത്രെ. "അഗ്രജൻ മമസതരം" എന്നു തുടങ്ങിയുള്ള മുമ്പുദ്ധരിച്ച "അദ്ധ്യാത്മരാമായണ"ത്തിലെ പ്രസ്താവം കൊണ്ടു സൽഗുണസമ്പന്നനും മഹാവിദ്വാനുമായി പറയപ്പെടുന്ന ഈ ജ്യേഷ്ഠൻ അദ്ദേഹത്തിന്റെ ഒരു ഗുരുവാണെന്ന് അനായാസേന മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. വിദേശങ്ങളിൽ വെച്ചും അദ്ദേഹത്തിന്നു പലവിഷയങ്ങളിലുമായി പലഗുരക്കന്മാരുമുണ്ടായിരിക്കണം. അതിൽ ഒരു പക്ഷെ, രാമാനുജാചാര്യർ പ്രധാനിയായിരിക്കാം. വേദാന്തം, സാഹിത്യം, യോഗം തുടങ്ങിയുള്ള പല വിഷയങ്ങളിലും അഗാധമായ ജ്ഞാനം സിദ്ധിച്ചിട്ടുള്ള അദ്ദേഹത്തിന്ന് പല ഗുരുക്കന്മാരുമുണ്ടായിരുന്നുവെന്നൂഹിപ്പാനാണധികം യുക്തി. എന്നാൽ അവരിൽ ചിലരുടെ പേരുകൾ മാത്രം -അതു തന്നെ അവ്യക്തമായ രീതിയിൽ- അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്നു മനസ്സിലാക്കുവാനേ സാധിക്കുന്നുള്ളു.
എഴുത്തച്ഛൻ ഇരുപതാമത്തെ വയസ്സിനു മേൽ മുപ്പതു വയസ്സിനുള്ളിൽ വിദേശസഞ്ചാരം കഴിഞ്ഞു മടങ്ങിയെത്തിയെന്നും പിന്നീട് സ്വദേശത്ത് ഒരെഴുത്തുപള്ളി കെട്ടി കുട്ടികളെ പഠിപ്പിപ്പാൻ തുടങ്ങിയെന്നുമാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. വിദേശസഞ്ചാരത്തിൽ അദ്ദേഹത്തിന്ന് ഉൽകൃഷ്ടവിദ്യാഭ്യാസവും ലോകപരിചയവും സിദ്ധിപ്പാനും, "തമിഴ്" "തെലുങ്ക്" മുതലായ ദ്രാവിഡസാഹിത്യങ്ങളോടു ധാരാളമായി ഇട