ട്ടിട്ടുണ്ട്. "ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ" എന്ന മതത്തിനു കുറച്ചധികം പ്രാധാന്യമുണ്ടായിരുന്ന ഒരു കാലത്തു വേദവേദാന്താദികളിൽ ഒരു ശൂദ്രൻ പരിശ്രമിക്കുന്നതിൽ വേദാധികാരികളായ ചില നിമ്പൂതിരിമാർക്ക് അസഹിഷ്ണുതയുണ്ടായിയെന്നു പറയുന്നത് അസ്വാഭാവികവും അസംഭാവ്യവും ആയിക്കൊള്ളണമെന്നില്ല. എന്നാൽ ഏതു രാജ്യത്തും ഏതു സമുദായത്തിലും മഹാമനസ്കന്മാരും അല്പബുദ്ധികളും ഉണ്ടാവുന്നതു സാധാരണയാണ്. എഴുത്തച്ഛന്റെ യഥാർത്ഥയോഗ്യതകൾ കണ്ടറികയും ബഹുമാനിക്കയും ചെയ്യുന്നതിനും അല്പം ചിലർ അവിടെ ഇല്ലാതിരുന്നില്ല. അവരിൽ അദ്വിതീയനത്രെ മഹാകവിയും മഹാനുഭാവനുമായ മേൽപ്പത്തൂർ ഭട്ടതിരി. ഏതായാലും മഹാമനസ്കനായ എഴുത്തച്ഛന്നു ബ്രാഹ്മണരുടെ നേരെ സീമാതീതമായ ഭക്തിയുണ്ടായിരുന്നുവെന്നതു തീർച്ചതെന്നെ. അതിന്നു, താഴെ കാണുന്ന അദ്ദേഹത്തിന്റെ സൂക്തികൾ ലക്ഷ്യങ്ങളുമാണ്:-
"കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദൎപ്പണത്തിന്റെ മാലിന്യമെല്ലാം തീൎത്തു
ശോധനം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ"
"വേദത്തിന്നാധാരഭൂതന്മാരിക്കാണായോരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ