രിലധികം പേരും വിവസ്ത്രന്മാരാണ്; പിന്നെ എങ്ങിനെയാണ് ഇതു ചീന്തിക്കൊടുക്കാതെ പട്ടാണെന്നും വിചാരിച്ചുവെച്ചുകൊണ്ടിരിക്കുന്നത്?" എന്നു ചോദിച്ചുവെന്നും മറ്റും ഐതിഹ്യവേദികൾ സാധാരണ പറയാറുണ്ട്. വാതരോഗബാധിതനായ മേല്പത്തൂർ ഗത്യന്തരം കാണാതെ, തന്റെ രോഗനിവാരണത്തിനുള്ള വഴിയെന്താണെന്ന് എഴുത്തച്ഛനോടു ചോദിച്ചുവരുവാൻ ആളേ പറഞ്ഞയച്ചുവെന്നും, അപ്പോൾ എഴുത്തച്ഛൻ "അദ്ദേഹത്തോടു മത്സ്യംതൊട്ടുകൂട്ടുവാൻ പറക" എന്ന് മറുവടി പറഞ്ഞയച്ചുവെന്നും, കുശാഗ്രബുദ്ധിയായ ഭട്ടതിരി ഈ സന്ദേശത്തിന്റെ തത്വം മനസ്സിലാക്കിയാണ് മത്സ്യാദ്യവതാരവർണ്ണനാത്മകമായ "നാരായണീയം" നിർമ്മിച്ചതെന്നും മറ്റുമുള്ള കഥ സുപ്രസിദ്ധമാണ്. ഈ രണ്ടു മഹാന്മാരുംകൂടി പലേടത്തും സഞ്ചരിയ്ക്കയും സഹവസിക്കയും ചെയ്തിട്ടുണ്ടായിരിക്കുമെന്നും തോന്നുന്നു. ഒന്നു മറ്റൊന്നിലേക്കു സക്രമിച്ചതാണെന്ന് ഊഹിക്കത്തക്കവണ്ണം ഭട്ടതിരിയുടെ "സുഭദ്രാഹരണം" ചംബുവിന്നും, എഴുത്തച്ഛന്റെ ഭാരതത്തിലെ "സുഭദ്രാഹരണ"ത്തിന്നും തമ്മിൽ ചിലേടത്ത് ഗണ്യമായ ഐക്യം കാണുന്നുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവയോഗ്യമാണ്. ഭട്ടതിരിയെ കൂടാതെ അമ്പലപ്പുഴെ പണ്ഡിതസദസ്സിലെ അംഗങ്ങളായും മറ്റും പല പണ്ഡിതന്മാരും മഹാരാജാക്കന്മാരും എഴുത്തച്ഛന്റെ സ്നേഹിതന്മാരും അദ്ദേഹത്തിൽ ഭക്തിബഹുമാനങ്ങളുള്ളവരും ആയി ഉണ്ടായിരുന്നിരിക്കണം.
താൾ:Thunjathezhuthachan.djvu/38
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു