പക്ഷെ എന്റെ സഹജമായ അലസതയും പാരതന്ത്ര്യവും അതിന്നു പ്രതിബന്ധങ്ങളായിരുന്നു. ഇപ്പോൾ ഈ പുസ്തകത്തെ ഒരുവിധത്തിൽ ഉന്തിത്തള്ളി പുറത്തുകൊണ്ടുവന്നിരിയ്ക്കയാണു്. പര്യവേക്ഷണം (Research) സംബന്ധമായും മറ്റും ചില പ്രവൃത്തികൾ കൂടി ചെയ്യേണ്ടതുണ്ടെന്ന് എനിയ്ക്കുതന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടു്. ഈ പുസ്തകത്തിന്നു രണ്ടാംപതിപ്പു വേണ്ടിവരികയാണെങ്കിൽ അപ്പോൾ ന്യൂനതകൾ കഴിയുന്നതും പരിഹരിയ്ക്കയും പരിഷ്കരിയ്ക്കയും ചെയ്യാമെന്നു വിചാരിയ്കുന്നു.
ഈ പുസ്തകം ഇത്ര വൃത്തിയിലും വേഗത്തിലും പുറത്തു കൊണ്ടുവരുവാൻ സാധിച്ചതു "മംഗളോദയം" പ്രവർത്തകന്മാരുടെയും മിസ്റ്റർ, സി. കുഞ്ഞിരാമമേനവന്റെയും സഹായസഹകരണങ്ങൾ കൊണ്ടാണെന്ന് കൃതജ്ഞതാപൂർവ്വം ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ഇതിനു സാരഗർഭമായ ഒരു അവതാരിക എഴുതിത്തന്നതിന്നു രാജശ്രീ, കെ.കെ രാജാ തിരുമനസ്സിലെ പേരിൽ എനിയ്ക്കുള്ള നന്ദിയെ രേഖപ്പെടുത്തുന്നതിന്നും ഈ സന്ദർഭത്തെത്തന്നെ വിനിയോഗിച്ചുകൊള്ളട്ടെ. പ്രകൃതഗ്രന്ഥപ്രസിദ്ധീകരണത്തിൽ നാനാമുഖമായ സഹായം ചെയ്തിട്ടുള്ള എല്ലാ മാന്യസ്നേഹിതന്മാരോടും, ഇതിനെ പ്രസാധനം ചെയ്ത ബ്രഹ്മശ്രീ, വി.ടി രാമൻഭട്ടതിരിപ്പാട് അവർകളോടുംകൂടി നന്ദി പറകയും, എന്റെ ഈ ലഘൂപഹാരത്തെ ഭയാശങ്കകളോടുകൂടി മഹാജനസമക്ഷം സാദരം വെച്ചുകൊള്ളുകയും ചെയ്യുന്നു.
രാമല്ലൂർ. | } | കുറുവാൻ തൊടിയിൽ |
൧൧൦൨ കുംഭം ൨൭. | ശങ്കരനെഴുത്തച്ഛൻ. | |
(ഒപ്പ്) |