ജ്ഞാനതിമിരാന്ധ'ന്മാരായിരുന്ന നാട്ടുകാരുടെ ചക്ഷുസ്സുകളെ "ജ്ഞാനാഞ്ജനശലാക' കൊണ്ടു് ഉന്മീലനം ചെയ്യുന്നതിനും, അനാഥസ്ഥിതിയിലിരുന്ന നാട്ടുഭാഷയെ പോഷിപ്പിയ്ക്കയും പരിഷ്കരിയ്ക്കയും ഉയർത്തുകയും ചെയ്യുന്ന വിഷയത്തിലും, അദ്ദേഹം ചെയ്തിട്ടുള്ള പരിശ്രമത്തിന്റേയും അദ്ദേഹത്തിന്റെ ജീവിതകാലത്തിന്റേയും പരമാവധി ഒന്നു തന്നെയായിരുന്നുവെന്നു തന്നെ പറയാം.
ഇതുകൂടാതെ വിനയം, മഹാമനസ്കത മുതലായ സൽഗുണങ്ങളും അദ്ദേഹത്തിൽ സവിശേഷം ശോഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സർവ്വോൽക്കർഷങ്ങൾക്കും, നിദാനമായിരുന്നതു് അദ്ദേഹത്തിന്റെ അനന്യസാധാരണമായ സ്വാശ്രയശീലം ഒന്നു തന്നെയായിരുന്നു."
അനന്യസാമാന്യമായ ഗുണഗണങ്ങളുടെ ഒരു വിളനിലമായിരുന്ന എഴുത്തച്ഛന്റെ സ്വഭാവവിശേഷങ്ങളോരോന്നും എടുത്തു വിമർശിയ്ക്കുന്നതിനേക്കാൾ, അദ്ദേഹം വിലോഭനീയങ്ങളായ സർവ്വഗുണങ്ങളുടേയും ഒരു കേളീരംഗമായിരുന്നുവെന്നു പറഞ്ഞു പിന്മാറുന്നതായിരിയ്ക്കും ഭേദം.
മഹാകവിയുടെ ഗൃഹജീവിതത്തെക്കുറിച്ചു് അധികമായൊന്നും കേട്ടിട്ടില്ല. അദ്ദേഹം ആജീവനാന്തം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നുവെന്നൊരു പക്ഷമുണ്ട്. ഇതിന്നെതിരായി എഴുത്തച്ഛൻ വിവാഹം കഴിച്ചിരുന്നുവെന്നും, അദ്ദേഹം തന്റെ മകൾക്കുപദേശിച്ച-