എടുത്തുനോക്കുകയാണെങ്കിലും, അദ്ദേഹം ആരുടെയെങ്കിലും ഒരവതാരമാണെന്നു പ്രസ്താവിയ്ക്കപ്പെട്ടു കാണാം. ഇതുകൊണ്ടു് മനുഷ്യസമുദായത്തിന്നു അവകാശപ്പെട്ട മാന്യത നശിച്ചുപോകയും ആത്മവിശ്വാസവും ആത്മാഭിമാനവും കുറഞ്ഞുപോകയുമാണു് ചെയ്യുന്നതു്. ചരിത്രപഠനം കൊണ്ടു് ഒരു സമുദായത്തിന്നുണ്ടാകാനിടയുള്ള അഭ്യുന്നതിയേയും ഈ വിശ്വാസം നശിപ്പിച്ചുകളയുന്നു! എഴുത്തച്ഛന്റെ കൃത്യങ്ങൾ അത്ഭുതാവഹങ്ങളായിരുന്നുവെന്നതിനു സംശയമില്ല. ജനസാമാന്യത്തിന്നു് അവ അമാനുഷങ്ങളായിത്തോന്നിയെന്നും വരാം. എന്നാലും അദ്ദേഹത്തെ മനുഷ്യസമുദായത്തിൽ നിന്നു നിഷ്കാസനം ചെയ്തേ കഴിയുവെന്നില്ലെന്നു തോന്നുന്നു.
അദ്ധ്യാപകത്വവും കവിത്വവും വേണ്ടപോലെ വിനിയോഗിയ്ക്കുന്ന ഒരാൾക്കു ജനസമുദായത്തെ ഉൽകൃഷ്ടപഥത്തിലേയ്ക്ക് നയിപ്പാൻ കഴിയുമെന്നതിന്നു സംശയമില്ല. ഇന്നത്തെ കവിയും അദ്ധ്യാപകനുമാണു് നാളത്തെ പൗരന്റെ നിൎമ്മാതാവു്. മഹാഭാഗനായ എഴുത്തച്ഛന്നു ഒരു ലോകഗുരുവിന്റെയും മഹാകവിയുടേയും നിലയ്ക്ക് കേരളീയജനസമുദായത്തിന്നു ചെയ് വാൻ സാധിച്ചിട്ടുള്ള നന്മകൾ അവാച്യങ്ങളും അത്ഭുതാവഹങ്ങളുമാണു'! ആ മാംഗല്യമജ്ജുളദീപം കേരളത്തിലെ തമോബാധയെ എത്രമാത്രം നീക്കിക്കളഞ്ഞിരിയ്ക്കുന്നു! ആ ദിവ്യസംഗീതം എത്ര എത്ര ഹൃദയങ്ങളെ കുളിൎപ്പിയ്ക്കുന്നു! ഇന്നും കേരളാന്തരീക്ഷത്തെ മുഖരിത-