ഭാഷയ്ക്കാണു് അധുനാതനമലയാളത്തിന്റെ മാതൃകാഭൂതമായിത്തീരുവാൻ ഭാഗ്യമുണ്ടായതു്. എഴുത്തച്ഛന്നു ശേഷം മലയാളഭാഷാസാഹിത്യത്തിന്നു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്നും സർവ്വസമ്മതവും പ്രയോഗക്ഷമവും, മാതൃകാഭൂതവുമായിട്ടുള്ളതു് അദ്ദേഹത്തിന്റെ ഭാഷതന്നെയാണു്. പ്രസ്തുതകവിയുടെ കാലത്തു ചംബൂകാരന്മാരുടെ സംസ്കൃതപ്രചുരമായ ഒരു ഭാഷാരീതിയും, തമിഴിലേയ്ക്കു ചാഞ്ഞുനിന്നിരുന്ന മറ്റൊരു ഭാഷാരീതിയും ജാഗ്രത്തായുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഈ രീതിയെ ഒന്നിനേയും അനുകരിച്ചില്ല; പച്ചമലയാളത്തേയും സ്വീകരിച്ചില്ല; അദ്ദേഹം പ്രായോഗികവും, കേരളീയരുടെ അഭിരുചിയ്ക്കനുസരിച്ചതുമായ ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ആ രീതി ഇന്നും അനുകരണീയമായിത്തന്നെ പ്രോല്ലസിയ്ക്കുന്നു.
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിന്നു ശേഷം മലയാളഭാഷയിൽ ചില വിലക്ഷണസമ്പ്രദായങ്ങൾ കടന്നുകൂടി; സംസ്കൃതപ്രകൃതികളോടുകൂടി ദ്രാവിഡപ്രത്യയം ചേർത്തു സാധാരണ ഉപയോഗിക്കുന്നതുപോലെ ദ്രാവിഡപ്രകൃതികളോടു സംസ്കൃതപ്രത്യയം ചേർത്തും ആവശ്യം പോലെ ഉപയോഗിയ്ക്കാമെന്നു വന്നു. "ലീലാതിലക"ത്തിൽ ഈ സമ്പ്രദായത്തെ സമ്മതിച്ചു "സന്ദർഭേ സംസ്കൃതീകൃതാ ച" എന്നു സൂത്രമെഴുതീട്ടുള്ളതുകൊണ്ടും, "ഉണ്ണുനീലി സന്ദേശം" മുതലായ ഉത്തമസാഹിത്യഗ്രന്ഥങ്ങളിൽക്കൂടി ഇത്തരം പ്രയോഗ-