ഇനി അദ്ദേഹം താലോലിയ്ക്കുന്ന "പൈങ്കിളി" ഏതാണെന്നാണു് ഇവിടെ ആലോചിപ്പാനുള്ളതു്. കവി കഥ പറവാൻ ഒരു കിളിയേ വിളിയ്ക്കുന്നതെന്തിനു? അദ്ദേഹത്തിന്നു് ഈ കൂട്ടുകാരിയുടെ ആവശ്യമെന്തു്? എന്നൊക്കെ തുഞ്ചന്റെ കവിത വായിക്കുന്നവർക്കെല്ലാം ജിഞ്ജാസയുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷെ ഇതിന്നൊരു ശരിയായ ഉത്തരം കൊടുപ്പാൻ ഇതേവരെയുണ്ടായിട്ടുള്ള നമ്മുടെ സാഹിത്യചരിത്രകാരന്മാർക്കാർക്കും തന്നെ കഴിഞ്ഞിട്ടില്ല. കിട്ടിയേടത്തോളമുള്ള തെളിവുകളേയും, അഭിപ്രായങ്ങളേയും പരിശോധിച്ചു് അവയിൽ അവനവന്റെ യുക്തിയ്ക്കും അഭിപ്രായത്തിനും അടുപ്പമുള്ളവയോടു യോജിയ്ക്കയെന്നതല്ലാതെ കാര്യത്തിന്റെ സൂക്ഷ്മാവസ്ഥ ഏതുവിധമെന്നു തീർച്ചപ്പെടുത്തുവാൻ ചരിത്രകാരന്മാർക്കു ഗത്യന്തരവുമില്ലല്ലൊ.
"പൈങ്കിളി"യുടെ ആഗമത്തെപ്പറ്റി പണ്ഡിതന്മാരിൽ പലരും പല വിധത്തിലുള്ള അഭിപ്രായങ്ങളാണു പുറപ്പെടീച്ചുകാണുന്നതു്. ഇവയുടെ സാധുത്വാസാധുത്വങ്ങളെക്കുറിച്ചു നമുക്കും കുറഞ്ഞൊന്നു പര്യാലോചിയ്ക്കാം:-
(൧) സരസ്വതീദേവിയുടെ കയ്യിൽ ഒരു തത്തയുണ്ടല്ലൊ. അതിനെ ഉദ്ദേശിച്ചാണു കവി പലപ്പോഴും കഥ പറയേണ്ട സമയത്തു പൈങ്കിളിയെ വിളിയ്ക്കുന്നതു്. സരസ്വതീദേവിയുടെ കിളിയാണു കവിത പാടുന്നതെന്നു വരുമ്പോൾ വായനക്കാർ ആ കവിതയ്ക്കുള്ള ദോഷമൊന്നും കാണുകയില്ല. ഈ ഉദ്ദേശ്യത്തോടുകൂടി