സിദ്ധമല്ല. "കൈരളി""കവനകൌമുദി""സാഹിതി" മുതലായമാസികകൾ വഴിയായി ശ്രീമാൻ ശങ്കരനെഴുത്തച്ഛൻ മലയാളവായനക്കാർക്കു പരിചയപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ഭാഷാസ്നേഹിയായ ഇദ്ദേഹം "പൈങ്കിളി"യുടെ പത്രാധിപരായിരുന്നു എന്ന സംഗതിയും പ്രസ്താവയോഗ്യമാണ്. "തിങ്കളാം വെള്ളിക്കിണ്ണത്തിങ്കലെപ്പാലും താരത്തങ്കപ്പൂനിരയിൽ നിന്നൊലിയ്ക്കും തെളിത്തേനും ആസ്വദിച്ചദ്ധ്വഖേദമകറ്റിസ്വൈരം വാനിലാ സ്വർണ്ണപക്ഷം വീശി"ക്കളിച്ച "പൈങ്കിളി" ഈ ഗ്രന്ഥകർത്താവിന്റെ അനതിദൂരമായ ഭാവിശ്രേയസ്സിനെപ്പറ്റി അസ്പഷ്ടവർണ്ണമായ നിശ്ശബ്ദഗാനത്താൽ ഇപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കുന്നുണ്ടു് എന്നുള്ളതു പ്രശാന്തരമണീയമായ "പട്ടാമ്പി"യിലെ അന്തരീക്ഷം താലദളങ്ങളുടെ "കിലുകില" സ്വരത്താൽ ഉച്ചൈസ്തരാം ഉൽഘോഷിയ്ക്കുക തന്നെ ചെയ്യുന്നുണ്ടു്.
ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ കൃതികളിൽ പുസ്തകരൂപേണ ആദ്യമായി പുറത്തുവരുന്നതു് "തുഞ്ചത്തെഴുത്തച്ഛ"ന്റെ ജീവചരിത്രമാണെന്നു പറഞ്ഞാൽ ഇദ്ദേഹത്തിന്റെ ഹൃദയശുദ്ധിയെക്കുറിച്ചു മറ്റൊന്നും പറയേണ്ടതില്ലല്ലൊ. "തുഞ്ചത്തെഴുത്തച്ഛ"ന്റെ പൈങ്കിളിയ്ക്കെന്നപോലെ ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ സാഹിത്യക്കിളിയ്ക്കും നിരർഗ്ഗളമായ ഗാനധാരയിൽ നിസ്സാരമായ വല്ല വർണ്ണവൈകല്യവും വന്നു പോയിട്ടുണ്ടെങ്കിൽ "നിമജ്ജതിന്ദൊഃ കിരണേഷ്വിവാങ്കഃ" എന്നു സമാധാനിയ്ക്കുവാനേ ഉള്ളൂ.