ധ്വന്യദ്ധ്വനീനനുമായ മഹാകവി, 'ശുക' ശബ്ദത്തിൽ ഭ്രമിച്ചു ബ്രഹ്മർഷിയ്ക്കു പകരം ഒരു പൈങ്കിളിയേയാണു പിടികൂടിയതെന്നു പറയുന്നതു വലിയ സാഹസമെന്നേ പറയേണ്ടു.
(൬) തന്റെ ഗാനങ്ങളുടെ മാധുര്യ്യം സൂചിപ്പിക്കുന്നതിന്നും, അതിൽ തനിയ്ക്കുള്ള അസാമർത്ഥ്യത്തെ ഗോപനം ചെയ്യുന്നതിന്നുമാണു് അദ്ദേഹം തന്റെ കവിതയെ കിളിപ്പാട്ടായിസ്സംഭാവനം ചെയ്യുന്നതെന്നാണു പിന്നെയൊരു പക്ഷമുള്ളതു്.
എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം ഈ അഭിപ്രായങ്ങൾ കേവലം നിരർത്ഥങ്ങളാണു്. തന്റെ ഗാനങ്ങൾ അത്രയ്ക്കുമാത്രം രസനിർഷ്യന്ദികളാണെന്നദ്ദേഹത്തിന്നഭിപ്രായമുണ്ടായിരുന്നുവെന്നോ, കിളിയുടെ പാട്ടാണെന്നു സംഭാവനം ചെയ്യുന്നതുകൊണ്ടുമാത്രം അതിന്റെ കർത്തൃത്വവും തന്മൂലമുണ്ടാകുന്ന ഗുണദോഷങ്ങളും തനിയ്ക്കു ബാധകമാകയില്ലെന്നദ്ദേഹം വിചാരിച്ചിരിയ്ക്കുമെന്നോ ഊഹിപ്പാൻ അശേഷവും യുക്തി കാണുന്നില്ല.
(൭) "കഥ പറയുന്ന രീതിയിലുള്ള കാവ്യങ്ങളിൽ (Narrative poetry) പ്രായേണ കവികൾ തങ്ങളുടെ ആത്മാംശത്തെ വായനക്കാരുടെ ശ്രദ്ധയിൽനിന്നു കഴിയുന്നതും ദൂരെ നിർത്തുന്നതു സ്പൃഹണീയം തന്നെ; 'അവിശ്വാസശക്തിയുടെ താൽക്കാലികനിവൃത്തി'യ്ക്കു് (Temporary Suspension of the faculty of disbelief) ഇതു സഹായമായിത്തീരുന്നതു പ്രത്യേകിച്ചും പുരാ-