തന്ത്രകൃതിയാണെന്നു വേണം പറവാൻ. എഴുത്തച്ഛന്റെ ഒന്നാംതരം കൃതികളിൽ ഒന്നാം കിടയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണിതെന്നു പറഞ്ഞാൽ ഇതിന്റെ മാഹാത്മ്യം എത്രത്തോളമുണ്ടെന്നു സ്പഷ്ടമായി. മുഗ്ദ്ധയായ കവിതാകാമിനിയുടെ വിലജ്ജിതസ്വരൂപമല്ല പ്രസ്തുതസാഹിത്യമുകുരത്തിൽ പ്രതിബിംബിച്ചു കാണുന്നതു്; "സ്വയമേവാഗതയായി" മഹാകവിയെ കണ്ഠാശ്ലേഷംചെയ്യുന്ന പ്രൌഢയായ കവിതാംഗനയുടെ വിലോഭനീയമായ ദിവ്യസൌന്ദർയ്യമാണിതിൽ പ്രകാശിയ്ക്കുന്നതു്. പ്രാചീനഭാരതത്തിന്റെ സാമുദായികസ്ഥിതിയേപറ്റിയൊ, സംസ്കാരപരിഷ്കാരങ്ങളേ കുറിച്ചൊ അറിയുവാൻ മോഹമുള്ളവർക്കും ആർഷസാഹിത്യത്തിന്റെ അത്യുൽബണമായ അകൃത്രിമാനന്ദം അനുഭവിയ്ക്കണമെന്നാഗ്രഹമുള്ളവർക്കും ഇങ്ങിനത്തെ മറ്റൊരു ദിവ്യഗ്രന്ഥം കിട്ടുവാൻ പ്രയാസമാണു്. അത്രയും കമനീയവും സർവ്വഗുണസമ്പന്നവുമാണീഗ്രന്ഥം!
എഴുത്തച്ഛന്റേതല്ലാത്ത പല ഗ്രന്ഥങ്ങളുടേയും കർത്തൃത്വം ഇപ്പോൾ അദ്ദേഹത്തിൽ ആരോപിയ്ക്കപ്പെട്ടു കാണുന്നുണ്ടു്. സംസ്തസാഹിത്യത്തിൽ കാളിദാസന്റെയും മലയാളസാഹിത്യത്തിൽ എഴുത്തച്ഛന്റെയും മേൽ അജ്ഞാതകർത്തൃകങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കർത്തൃത്വം ചുമത്തിയിരിയ്ക്കുന്നു! ഇതിന്നു പല കാരണങ്ങളുമുണ്ടാവാം: ചില മഹാകവികളുടെ ശിഷ്യന്മാർ ഗ്രന്ഥങ്ങൾ നിർമ്മിച്ചു് തങ്ങളുടെ ഗുരുക്കന്മാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തുന്ന പതിവു പണ്ടുണ്ടായി-