ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



രികളായി. സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയുമായി വേർതിരിഞ്ഞിരിക്കുകയാണ്. ഒട്ടേറെ ചേരിചേരാരാജ്യങ്ങളുണ്ടെങ്കിലും അവയുടെ ചേരിചേരായ്മയ്ക്ക് അടിസ്ഥാനം തന്നെ ഈ രണ്ടുചേരികളുടെ നിലനില്പാണ്. സന്ദർഭമനുസരിച്ച് ഒരു ചേരിയുടെ കൂടെയോ മറ്റേ ചേരിയുടെ കൂടെയോ നിൽക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഈ രണ്ടു ചേരികളും തമ്മിലുള്ള വൈരുദ്ധ്യം എണ്ണമറ്റ സംഘട്ടനങ്ങളിലൂടെ, യുദ്ധങ്ങളിലൂടെ, പ്രകടമാകുന്നുണ്ട്; ആഗോളവ്യാപകവും സർവനാശവുമായ ഒരു അണുവായുധ യുദ്ധഭീതി അത് ഉളവാക്കുന്നുണ്ട്; ന്യൂട്രോൺ ബോംബുകളും രോഗാണു ബോംബുകളും രാസവിഷബോംബുകളുമായി എണ്ണമറ്റ നശീകരണോപാധികൾ അവർ നിർമ്മിച്ചുവരുന്നു. ഈ അവസ്ഥ മാറണമെങ്കിൽ, യുദ്ധമില്ലാത്ത ഒരു ലോകമുണ്ടാവണമെങ്കിൽ, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നും മുതലാളിത്തവ്യവസ്ഥ തുടച്ചുമാറ്റപ്പെടേണ്ടിയിരിക്കുന്നു. ചരിത്രത്തിന്റെ ഗതി ആ ദിശയിലാണ് എന്നത്രേ അനുഭവങ്ങൾ തെളിയിക്കുന്നത്.

ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാകുന്നു: മാനവസമൂഹത്തെ ആകെ എടുക്കുകയാണെങ്കിൽ, അതിൽ പല തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കാണാം - മുതലാളിയും തൊഴിലാളിയും തമ്മിൽ, സാമ്രാജ്യത്വവും കോളനി (അവികസിത) രാജ്യങ്ങളും തമ്മിൽ, സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ... അങ്ങനെ പല വൈരുദ്ധ്യങ്ങളും. ഇവയൊന്നും തന്നെ മുതലാളിത്തം നശിച്ചല്ലാതെ പരിഹരിക്കപ്പെടുകയുമില്ല. ഇപ്രകാരമുള്ള വൈരുദ്ധ്യത്തെ ശത്രുതാപരമായ വൈരുദ്ധ്യം എന്നു പറയുന്നു. ഏതൊരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥക്കുള്ളിലാണോ ഈ വൈരുദ്ധ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ആ വ്യവസ്ഥ നശിച്ചല്ലാതെ ഈ വൈരുദ്ധ്യങ്ങൾ ഇല്ലാതാകില്ല. അതിനാലാണ് ശത്രുതാപരം എന്നു പറയുന്നത്. ഇത്തരത്തിൽ പെട്ടതല്ലാത്തതായ വൈരുദ്ധ്യങ്ങളും ഉണ്ട്. പലപ്പോഴും 'ഭീഷണ'മായ രൂപത്തിൽ നമ്മുടെ കണ്ണിനുമുൻപിൽ പ്രത്യക്ഷപ്പെടുന്നത് അവയാണ്. ജാതിയുടെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ഒക്കെ പേരിൽ അവ പ്രത്യക്ഷപ്പെടുന്നു. കായികാധ്വാനവും മാനസികാധ്വാനവും വ്യവസായവും കൃഷിയും... ഇങ്ങനെ സമൂഹത്തിന് അവശ്യം വേണ്ട പ്രവർത്തനങ്ങൾ തമ്മിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. എന്നാൽ ഇവ പരിഹരിക്കപ്പെടാൻ കൃഷിയും വ്യവസായവും ഇല്ലാതാകുകയോ, കായികാധ്വാനവും മാനസികാധ്വാനവും ഇല്ലാതാകുകയോ അല്ല വേണ്ടത്. കൃഷിയിലും കായികാധ്വാനത്തിലും വരുന്ന ഗുണപരമായ മുന്നേറ്റമാണ് ഇവക്ക് പരിഹാരം. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങളെ ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങൾ എന്നു പറയുന്നു.

നേരത്തെ പറഞ്ഞപോലെ ലോകമൊട്ടാകെ എടുത്താൽ പലതരം വൈരുദ്ധ്യങ്ങളും കാണാമെങ്കിലും ഇന്നത്തെ അതിന്റെ ഏറ്റവും തീക്ഷ്ണമായ രൂപം സാമ്രാജ്യത്വചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ-

104
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/103&oldid=172021" എന്ന താളിൽനിന്ന് ശേഖരിച്ചത്