ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




ആവർത്തനസ്വഭാവം ഉണ്ടെങ്കിലും നീണ്ട കാലയളവിൽ ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാവധാനത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ചില സന്ദർഭങ്ങളിൽ ഒരു ദിവസം കൊണ്ടോ ഏതാനും ദിവസങ്ങൾക്കുള്ളിലോ ഗണ്യമായ മാറ്റം വന്നു എന്നു വരാം. സാധാരണയായി നമ്മുടെ സ്ത്രീകളുടെ കാര്യത്തിൽ വിവാഹം ഇത്തരമൊരു സന്ദർഭമാണ്. ആദ്യത്തെ കുഞ്ഞിന്റെ പ്രസവം നിസംശയമായും മറ്റൊരു സന്ദർഭമാണ്. അതേവരെയുണ്ടായിരുന്ന ദൈനികവൃത്തിയിൽ നിന്ന് ഗണ്യമായ, പൊടുന്നനെയുള്ള ഒരു മാറ്റം കാണാം. കന്യകയിൽ നിന്ന് ഭാര്യയിലേയ്ക്കും ഭാര്യയിൽ നിന്ന് അമ്മയിലേയ്ക്കുമുള്ള മാറ്റങ്ങൾ, ബാല്യത്തിൽ നിന്ന് യുവത്വത്തിലേയ്ക്കോ യുവത്വത്തിൽ നിന്ന് വാർധക്യത്തിലേയ്ക്കോ ഉള്ള മാറ്റങ്ങൾ പോലല്ല. രണ്ടാമതു പറഞ്ഞത് സാവകാശത്തിലുള്ള മാറ്റമാണ്. ആദ്യത്തേത് താരതമ്യേന പെട്ടെന്ന് സംഭവിച്ച പോലെ, അതിവേഗത്തിൽ സംഭവിച്ചപോലെയാണ്. ശരിക്കും ഗുണാത്മകമായ ഒരു മാറ്റമാണത്.

നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, രാജ്യങ്ങളുടെ ചരിത്രത്തിലും പ്രകൃതി പ്രതിഭാസങ്ങളിലും ഒക്കെ ഇത്തരം മാറ്റങ്ങൾ കാണാം.

വാനരനിൽ നിന്ന് നരനായി മാറിക്കഴിഞ്ഞിട്ടേ ഉള്ളൂ; വാലുപോയി, നാക്കു വളർന്നു. കൈ പരന്നു... അക്കാലത്ത് പ്രാകൃത ശിലായുധങ്ങളും മരക്കമ്പുകളും ഉപയോഗിച്ച് ജന്തുക്കളെ വേട്ടയാടിയും ഫലമൂലാദികൾ പറിച്ചു തിന്നും മനുഷ്യർ ജീവിച്ചു. അന്നൊക്കെ ചുറ്റും എവിടെ തിരിഞ്ഞു നോക്കിയാലും കിട്ടുന്ന കല്ലും കമ്പും മാത്രമായിരുന്നു മനുഷ്യന്റെ ആയുധങ്ങൾ. അവൻ ഉല്പാദകനായി കഴിഞ്ഞിട്ടില്ല. സമ്പാദകനേ ആയിട്ടുള്ളൂ. വേട്ടയാടലും വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടാതെ സ്വയം രക്ഷിക്കലുമാണ് അന്നത്തെ ജീവിതത്തിന്റെ കാതൽ. കൂട്ടായി ഇരതേടും, കിട്ടിയത് കൂട്ടായി ഭക്ഷിക്കും, കൂട്ടായി ഇണ ചേരും. അങ്ങനെ പോയി അന്നത്തെ ജീവിതം. ഇന്നത്തെ പോലെ സാമൂഹികമായ കീഴ്മേലുകളോ, ഉൽ‌പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയൂടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവോ അന്നുണ്ടായിരുന്നില്ല. ഇക്കാലത്തെ സാമൂഹ്യവ്യവസ്ഥയെ പ്രാകൃതസാമൂഹ്യവ്യവസ്ഥ എന്നു വിളിക്കാം.

മനുഷ്യർ എത്രകാലം ഇങ്ങനെ ജീവിച്ചു എന്ന് കൃത്യമായി പറയുക വയ്യ. ഏതാണ്ട് 8000 കൊല്ലം മുമ്പുവരെ ഏതാണ്ട് ഈ വിധത്തിലാണ് മനുഷ്യൻ ജീവിച്ചിരുന്നത്. ജീവിക്കുക എന്ന പ്രക്രിയയിലൂടെ തന്നെ മനുഷ്യൻ തന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പല വിധത്തിലുള്ള അറിവ് സമ്പാദിച്ചു. ഫലമൂലാദികളുടെ സംഭരണം, സസ്യങ്ങളുടെ ജീവിതചക്രം, കാലാവസ്ഥയും അതും തമ്മിലുള്ള ബന്ധം തുടങ്ങിയവയും വേട്ടയാടൽ , ജന്തുക്കളുടെ ജീവിതക്രമം, പുനരുല്പാദനം തുടങ്ങിയവയും മനുഷ്യന് പരിചിതമാക്കി. 15000 കൊല്ലം പഴക്കമുള്ള ഗുഹാചിത്രങ്ങൾ, ജന്തുക്കളുടെ ശരീരശാസ്ത്രത്തിൽ മനുഷ്യൻ നേടിയ അറിവിന്റെ തെളിവു തരുന്നു. അതുപോലെ ഇന്നയിന്ന ഫലങ്ങൾ, വേരുകൾ, ഇലകൾ ഒക്കെ ഭക്ഷ്യയോഗ്യം. മറ്റു ചിലവ

???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/107&oldid=217855" എന്ന താളിൽനിന്ന് ശേഖരിച്ചത്