മൂലകങ്ങൾ
മരം, പഞ്ചസാര, പയർ....നമുക്ക് പരിചയമുള്ള പല വ്യത്യസ്തപദാർഥങ്ങളുണ്ട്. ഇവയിൽ ഏതിനെ കരിച്ചാലും നമുക്ക് കാർബൺ (കരി) ലഭിക്കുന്നു. ഏതിൽ നിന്നുകിട്ടുന്ന കാർബണിനും ഒരേ സ്വഭാവം തന്നെയാണ് എന്ന് അവയെ ശുദ്ധിചെയ്ത് പരിശോധിച്ചാൽ അറിയാം. പ്രകൃതിയിൽ കാണുന്ന പല പദാർഥത്തിലും ഘടകമായിരിക്കുന്ന ഒരു പദാർഥമാണ് കാർബൺ. തന്റേതായ സ്വഭാവഗുണങ്ങളോടുകൂടിയ കാർബണെ ഈ പദാർഥങ്ങളിൽ നിന്ന് എപ്പോൾ വേണമെങ്കിലും വേർതിരിക്കാം. പക്ഷേ, കൂടുതൽ ലളിതമായ ഒരു പദാർഥമാക്കി അതിനെ മാറ്റുവാൻ സാധിക്കുകയില്ലെന്നുമാത്രം. ഒരേ വസ്തു മാത്രം അടങ്ങിയതും സാധാരണ രാസമാർഗങ്ങളിലൂടെ ലഘുതരങ്ങളായ പദാർഥങ്ങളാക്കി വേർതിരിക്കാൻ പറ്റാത്തതുമായ ഇത്തരം പദാർഥങ്ങളെ മൂലകങ്ങൾ എന്നുവിളിക്കുന്നു. ചെമ്പ്, സ്വർണം, ഗന്ധകം തുടങ്ങി പലതരം മൂലകങ്ങൾ പ്രകൃതിയിലെ പല പദാർഥങ്ങളിൽ നിന്നും ലഭിക്കുന്നു. 92 പ്രത്യേകതരം മൂലകങ്ങൾ പ്രകൃതിയിൽ കാണുന്നുണ്ട്. അതിനു പുറമേ മനുഷ്യൻ കൃത്രിമമായി വേറെ 13 മൂലകങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റെല്ലാ പദാർഥങ്ങളും ഇവയിൽ രണ്ടോ അതിൽ കൂടുതലോ മൂലകങ്ങൾ പ്രത്യേക ചേരുവകളിൽ ചേർത് ഉണ്ടായിട്ടുള്ളതാണ്. അവയെ പൊതുവായി യൗഗികങ്ങൾ എന്നു വിളിക്കുന്നു. സംയോഗംമുഖേന ഉണ്ടായവ എന്നർഥം. മൂലകങ്ങളായാലും ശരി, യൗഗികങ്ങളായാലും ശരി, ഇവയിൽ ചിലവ ഖരരൂപത്തിൽ ഇരിക്കുന്നു. ചിലവ ദ്രാവകരൂപത്തിലും, മറ്റുചിലവ വാതകരൂപത്തിലും. ഇവയ്ക്കെല്ലാംകൂടി ഭൗതികശാസ്ത്രത്തിൽ ദ്രവ്യം (മാറ്റർ) എന്നു പേർ കൊടുത്തിരിക്കുന്നു. ദ്രവ്യം എന്നത് പൊതുവായ ഒരു പേരാണ്--ഇന്ന തരത്തിൽപെട്ടത് എന്ന് വേർതിരിക്കുന്നില്ല. അതായത് അത് ഖരരൂപത്തിലാകാം, ദ്രാവകരൂപത്തിലാകാം, വാതകരൂപത്തിലാകാം. ഗുരുത്വാകർഷണം, ജഡത്വം, സ്ഥിതിചെയ്യുവാൻ ഇടം തുടങ്ങി ചില പൊതുഗുണങ്ങളുണ്ടെന്നല്ലാതെ പ്രത്യേക ഗുണധർമങ്ങൾ ഏവയെന്ന് പറയുന്നില്ല. തനതായ ചില പ്രത്യേക ഗുണധർമങ്ങൾ കൊണ്ട് വിശേഷിപ്പിക്കാവുന്ന ദ്രവ്യത്തെ പദാർഥം (സബ്സ്റ്റൻസ്) എന്നു പറയുന്നു. മരം ഒരു പദാർഥമാണ്. വായവും വെള്ളവും ഇരുമ്പും മണലും വെണ്ണയും മാംസവും എല്ലാം പദാർഥങ്ങളാണ്. ഓരോന്നിനും അതിന്റേത് എന്ന പറയാവുന്ന പ്രത്യേക ഗുണധർമങ്ങൾ ഉണ്ട്. ദ്രവ്യത്തിന്റെ ആദ്യത്തെ വിശേഷവൽകരണമാണ് പദാർഥം. പദാർഥത്തിന് പ്രത്യേക ജ്യാമിതീയരൂപങ്ങൾ, ആകൃതികൾ നൽകുമ്പോൾ അവ വസ്തുക്കളായിത്തീരുന്നു. മരമെന്ന പദാർഥം കൊണ്ടുണ്ടാക്കിയ വസ്തുവാണ് മേശ. ഇരുമ്പെന്ന പദാർഥം കൊണ്ടൂണ്ടാക്കിയ വസ്തു ആണ് കത്തി. ആധുനിക ശാസ്ത്രജ്ഞന്മാർ ദ്രവ്യത്തിന് ഖര, ദ്രാവക, വാതകങ്ങൾക് പുറമെ പ്ലാസ്മാ എന്നൊരു രൂപം കൂടി കൊടുത്തിട്ടുണ്ട്. ദൈനം ദിന ജീവിതത്തിൽ പരിചയമില്ലാത്ത ഈ ദ്രവ്യരൂപം എന്തെന്ന് പിന്നീട് വിശദമാവുന്നതാണ്. ചൂട്, വെളിച്ചം, വിദ്യുച്ഛക്തി മുതലായവയെ ഭൗതികശാസ്ത്രത്തിൽ ദ്രവ്യം എന്ന പദംകൊണ്ടല്ല, ഊർജം എന്ന പദംകൊണ്ടാണ് കുറിക്കുക. സ്ഥിതിയിൽനിന്ന് ലഭിക്കുന്ന സ്ഥിതിജഊർജം,