ഒരു സെക്കന്റ് എന്ന് നിർവചിക്കാം. രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അളന്നശേഷം, ഒരു സ്ഥലത്തുനിന്ന് പ്രകാശതരംഗങ്ങൾ അയച്ച് മറ്റേ സ്ഥലത്തുനിന്ന് പ്രതിഫലിപ്പിച്ച് തിരിച്ചെത്താൻ വേണ്ട സമയം എളുപ്പം നിർണയിക്കാം.
ഇവിടെ പ്രകാശത്തിന്റെ ചലനമാണ് സമയനിർവചനത്തിന് അടിസ്ഥാനം.
അങ്ങനെ ഭൂമിയുടെ കറക്കംകൊണ്ട് സമയം നിർവചിക്കാം. പെൻഡുലത്തിന്റെ ആട്ടംകൊണ്ടും സമയം നിർവചിക്കാം. അണുക്കളുടെ കമ്പനംകൊണ്ടും സമയം നിർവചിക്കാം. പ്രാകാശത്തിന്റെ ചലനംകൊണ്ടും സമയം നിർവചിക്കാം. ദ്രവ്യത്തിന്റെ ഈവക രൂപങ്ങൾ ഒന്നുമില്ലാതെ, അവയുടെ ചലനവുമില്ലാതെ സമയത്തിനെ നിർവചിക്കാനോ മനസിലാക്കുവാനോ സാധിക്കുമോ? ശ്രമിച്ചുനോക്കുക. ദ്രവ്യത്തിന്റെ ഒരു രൂപവും, ഖര-ദ്രാവക-വാതക-പ്ലാസ്മകളോ പ്രകാശാദി ഊർജരൂപങ്ങളോ ഒന്നുംതന്നെ ഇല്ലാതെ സമയം എന്തെന്ന് സങ്കൽപിക്കാൻ ശ്രമിച്ചുനോക്കുക. സാധ്യമല്ലെന്നു കാണാം. ഏതെങ്കിലും തരത്തിലുള്ള ഒരു ദ്രവ്യരൂപവും അതിന്റെ ചലനവും ഇല്ലെങ്കിൽ 'സമയം' എന്ന വാക്കിന് തന്നെ അർഥമില്ലാതാകുന്നു.
ഈ നിഗമനം ശരിയല്ല, തലതിരിഞ്ഞാതാണ്, സമയം കേവലമാണ് അതിനെ അളക്കാനായി, അതിനെപ്പറ്റി വിവരിക്കാനായി ദ്രവ്യത്തിന്റെ ചലനത്തെ നാം ഉപയോഗിച്ചുവെന്നേ ഉള്ളൂ. ദ്രവ്യത്തിന്റെ ചലനമില്ലെങ്കിലും സമയമുണ്ട്-നമുക്ക് അത് അളക്കുവാൻ പറ്റില്ലായിരിക്കാം.... പലരുടേയും മനസിൽ പൊന്തിവരാൻ ഇടയുള്ള തടസവാദമാണിത്. മനുഷ്യർക് സമയത്തെപ്പറ്റിയുള്ള ബോധമുണ്ടാകുന്നതിന് ദിനരാത്രങ്ങളോ, ബാലൻസ് വീൽ-പെൻഡുലാദികളുടെ ചലനമോ ഒന്നും വേണ്ട. കുരുടനും ചെകിടനും ആയ ഒരാൾക് ഇതൊന്നും അനുഭവപ്പെടുന്നില്ല; എന്നാൽ അയാളുടെ സമയബോധം മറ്റുള്ളവരുടേതിൽ നിന്ന്, പറയത്തക്കതായി വ്യത്യസ്തമല്ല. എങ്ങനെയാണ് അയാൾക് ഈ സമയബോധമുണ്ടാകുന്നത്?
മനുഷ്യന് സമയത്തെപ്പറ്റി ഏറ്റവും ശക്തമായ വിധത്തിൽ ബോധമുണ്ടാക്കുന്ന കാര്യങ്ങളാണ് വിശപ്പ്, ദാഹം, മലമൂത്രാദിവിസർജനത്തിനായുള്ള ത്വര മുതലായവ. യഥാർഥത്തിൽ നമുക്ക് സമയത്തെപ്പറ്റി 'ബോധം" ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെ നടക്കുന്ന ജീവശാസ്ത്രപരമായ ഇത്തരം പ്രവർതനങ്ങളാണ്. പണ്ട്, സമയം അളക്കാൻപോലും ഹൃദയത്തിന്റെ സ്പന്ദനത്തെ ഉപയോഗിച്ചിരുന്നുവല്ലോ. എന്നാൽ എല്ലാ ജീവശാസ്ത്രപ്രവർത്തനങ്ങളും സങ്കീർണങ്ങളായ രാസ-ഭൗതികപ്രതിപ്രവർതനങ്ങൾ മാത്രമാണ് എന്ന് ഇന്ന് നമുക്കറിയാം. ഇവയെ ആകട്ടെ, അന്തിമവിശകലനത്തിൽ, തൻമാത്രകളുടെയും അണുക്കളുടെയും ഇലക്ട്രോണുകളുടെയും ചലനങ്ങളായി വിഘടിക്കാവുന്നതാണ്. വിവിധ ഗ്രന്ഥികളിൽനിന്നുള്ള സ്രവണങ്ങളാവട്ടെ, ഭക്ഷണങ്ങൾ ദഹിപ്പിക്കുക, മാലിന്യങ്ങൾ നീക്കംചെയ്യുക, താപനില നിലനിർതുക മുതലായ പ്രവർത്തനങ്ങളാകട്ടെ, തലച്ചോറിൽനിന്ന് നാഡിവ്യൂഹംവഴി വിവിധ അവയവങ്ങളിലേക്ക് പോകുന്ന വൈദ്യുത സ്പന്ദനങ്ങളാകട്ടെ - എല്ലാം തന്നെ ദ്രവ്യത്തിന്റെ ചലനത്തിന്റെ രൂപഭേദങ്ങളാണ്.