ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.ഏകദേശം 500 കോടി കൊല്ലത്തിന്റെ ചുറ്റുവട്ടത്തിലാണിത്.ആദ്യകാലങ്ങളിൽ ഈ ഗോളത്തിലുണ്ടായിരുന്ന പരിത:സ്ഥിതികൾ ജീവനെ നിലനിർത്തുന്നതിന് സഹായകരമായിരുന്നില്ല.വളരെ നീണ്ട കാലത്തെ പരിവർത്തനങ്ങൾക്ക് ശേഷമാണ് ജീവന്റെ പ്രാഥമികരൂപങ്ങൾ ഉണ്ടാകാൻ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായിത്തീർന്നത്.

ജീവന്റെ ആവിർഭവത്തിലേക്ക് നയിച്ച നീണ്ട നീണ്ട രാസപരിണാമത്തെപ്പറ്റിയും ശാസ്ത്രജ്ഞർക്കിടയിൽ ഇനിയും അഭിപ്രായഐക്യം ഉണ്ടായിട്ടില്ല.പക്ഷേ,പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞരും യോജിക്കുന്നു.ഈ പരിണാമത്തെ മൂന്നുഘട്ടങ്ങളായി വേർതിരിക്കാം.

ഒന്നാമത്തെ ഘട്ടത്തിൽ ജീവന്റെ അടിസ്ഥാന മൂലകങ്ങളായ ഹൈഡ്രജൻ ,കാർബൺ,നൈട്രജൻ,ഓക്സിജൻ എന്നിവയിൽ നിന്ന് പ്രാഥമിക യൗഗികങ്ങളായ അമോണിയ,മീഥേൻ,ജലം തുടങ്ങിയവയും അവയിൽ നിന്ന് അമിനോ അമ്ലങ്ങൾ ,ജൈവബേസുകൾ തുടങ്ങിയവയും നിർമ്മിക്കപ്പെട്ടു.ഇതിന്റെ വിശദാംശങ്ങളിലേക്ക് നാമിപ്പോൾ കടക്കേണ്ടതില്ല.

രണ്ടാം ഘട്ടത്തിൽ ഈ വിവിധ കാർബണിക യൗഗികങ്ങൾകൂടിച്ചേർന്ന് പുനരാവർത്തിക്കാൻ ,അതായത് സ്വരൂപങ്ങളെ സൃഷ്ടിക്കാൻ ,കഴിവുള്ള ഡി എൻ എ,ആർ എൻ എ തുടങ്ങിയ ന്യൂക്ലിക അമ്ലങ്ങളും സങ്കീർണ്ണങ്ങളായ മറ്റു കാർബണിക യൗഗികങ്ങളും രൂപം കൊണ്ടു.അഡിനോസിൽ ഫോസ്ഫേറ്റുകൾ ,പോളിസാക്കറൈഡുകൾ ,കൊഴുപ്പുകൾ ,പ്രോട്ടീനുകൾ ,ന്യൂക്ലിക്ക് അമ്ലങ്ങൾ എന്നിവയാണ് ഇതിലെ അഞ്ച് പ്രമുഖ വിഭാഗങ്ങൾ.

ഇപ്രകാരമുള്ള തൻമാത്രകളിൽ നിന്ന് കോശത്തിലേക്കുള്ള പരിണാമമാണ് മൂന്നാം ഘട്ടം.ഏറ്റവും ലളിതമായ രൂപത്തിലുള്ള ജീവകോശമായിരിക്കണം ആദിമ ജീവവസ്തു എന്നാണല്ലോ നമ്മുടെയെല്ലാം ധാരണ.പക്ഷേ,ഇത്തരം ജീവവസ്തു രൂപം കൊള്ളുന്നതിന് മുമ്പുതന്നെ ജീവൻ എന്ന വിശേഷണത്തിനർഹമായ സ്വഭാവവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഘട്ടങ്ങൾ ഉണ്ടായി എന്നു നാം കണ്ടു.ആദിമ ജീവകോശങ്ങൾക്ക് പിൽക്കാലത്ത് പോഷണ ദൗർബല്യം നേരിട്ടതിന്റെ ഫലമായി പല രൂപാന്തരങ്ങളും വന്നു.ഇതിന്റെ ഫലമായാണ് പല ജന്തുരൂപങ്ങളും സസ്യരൂപങ്ങളും ഉടലെടുത്തത്.എന്നാണ് ഇവ നടന്നത്?എന്നാണ് ആദിമ ജീവകോശങ്ങൾ ഉടലെടുത്തത്.എന്നാണ് ന്യൂക്ലിക്ക് അമ്ലങ്ങളും മറ്റും രൂപംകൊണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്ക് നൂറുശതമാനവും തൃപ്തികരമായ ഉത്തരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.ഏതാണ് 350-400 കോടി വർഷങ്ങൾക്ക് മുമ്പാണ് ആദിമ ജീവകണികകൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടതെന്ന് സാമാന്യമായി കരുതാം.തെക്കൻ റൊഡേഷ്യയിൽ നിന്നും മറ്റും കണ്ടെടുത്തിട്ടുള്ള ചില ഫോസിലുകളുടെ അടിസ്ഥാനത്തിൽ ഏതാണ്ട് 300 കോടി വർഷങ്ങൾക്ക് മുമ്പ് തന്നെ സൂഷ്മ സസ്യജീവികൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.പക്ഷേ ,കഴിഞ്ഞ 50 കോടി കൊല്ലക്കാലത്തെ ജൈവപരിണാമ ചരിത്രത്തെക്കുറിച്ച് മാത്രമേ ഇന്ന് വ്യക്തമായ ഫോസിൽരേഖകൾ ഉള്ളു.

45
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/44&oldid=172085" എന്ന താളിൽനിന്ന് ശേഖരിച്ചത്