അത് മനസിന്റെ യുക്തിസഹമായ ചലനമാണ്. ഇന്ദ്രിയസംവേദ്യമായ ദത്തങ്ങളിൽ നിന്ന് ആശയങ്ങളിലേക്കും, വസ്തുക്കളെക്കുറിച്ചുള്ള ശാശ്വതവും അപരിവർതനീയവുമായ തത്വങ്ങളിലേക്കും അവസാനം എല്ലാറ്റിന്റെയും അടിസ്ഥാനമായ 'നന്മ' എന്ന ആശയത്തിലേക്കുമുള്ള ഘട്ടം ഘട്ടമായ ആരോഹണമാണതു്. പ്ലേറ്റൊവിനെ സംബന്ധിച്ചിടത്തോളം 'ആശയങ്ങൾ' അല്ലാതെ മറ്റൊന്നും പഠനയോഗ്യമായി ഇല്ലാത്തതിനാൽ 'ശാസ്ത്രം' എന്ന വാക്കും 'ഡയലക്ടിക്സ്' എന്ന വാക്കും ഏതാണ്ടു് പര്യായപദങ്ങൾ തന്നെ ആയിത്തീർന്നു.
ഹെഗലിനെ സംബന്ധിച്ചിടത്തോളം ഡയലക്ടിക്സ് എന്നതു് ആശയങ്ങൾ 'പൂർവപക്ഷം' (തീസിസ്) 'അപരപക്ഷം' (ആന്റി തീസിസു്) എന്നിവ തമ്മിലുള്ള സംഘട്ടനത്തിലൂടെ 'ഉത്തരപക്ഷം' (സിൻതസിസ്) ഉണ്ടാവുക എന്ന തുടർപ്രക്രിയയിലൂടെ വളർന്ന് 'കേവലമായ ആശയ'ത്തെ സാക്ഷാത്കരിക്കുക എന്നതാണു്.
ഭാരതീയ ദാർശനികർ തങ്ങളുടെ ഏതിരാളികളുമായി വിവാദത്തിലേർപ്പെട്ടിരുന്നതും ഡയലക്ടിക്കൽ-വൈരുധ്യാത്മക-രീതിയിലാണ്. ഹിന്ദു ദാർശനികനായ ശങ്കരാചാര്യരും ബൗദ്ധദാർശനികനായ കുമാരില ഭട്ടനും തമ്മിൽ നടന്ന ദിവസങ്ങളോളം നീണ്ടുനിന്ന ഒരു തർക്കത്തിന്റെ കഥയുണ്ടു്, തർക്കം ആരംഭിക്കുന്നതു് ഒരാളുടെ ഒരു പ്രസ്താവത്തോടെയാണു്. അതു് രണ്ടുകൂട്ടരും അംഗീകരിക്കുന്നു. ഇതാണ് 'തീസിസ്' അഥവാ 'പൂർവപക്ഷം'. അടുത്തതായി എതിരാളി ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്ന പൊരുത്തക്കേടുകളെ പുറത്തുകൊണ്ടുവരുന്നു - 'ആന്റി തീസിസ്' അഥവാ 'അപരപക്ഷം' അവയുടെ അടിസ്ഥാനത്തിൽ മൂലപ്രസ്താവന തിരുത്തി പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു - 'സിൻതസിസ്' അഥവാ 'ഉത്തരപക്ഷം'. ഇതു് ഡയലക്ടിക്കൽ രീതിയാണു്.
മാർക്സിനെയും മാർക്സിസ്റ്റുകാരെയും സംബന്ധിച്ചിടത്തോളം 'ഡയലക്ടിക്സ്' എന്ന് പറഞ്ഞതു് വെറും ആശയങ്ങളുടെ ചലനം മാത്രമല്ല. വൈരുധ്യസംഘട്ടനങ്ങളിലൂടെയുള്ള പ്രപഞ്ചത്തിന്റെയാകെ ചലനമാണു്, വികാസമാണു് അതു്. ഈ ചലനത്തിന്റെ ബോധപൂർവമുള്ള മാനസിക പ്രതിഫലനം മാത്രമാണു് 'ആശയം' എന്നത്. 'മെറ്റാഫിസിക്സ്' അഥവാ 'കേവലവാദം' എന്ന രീതിക്ക് നേർ വിപരീതമായാണല്ലോ, 'വൈരുധ്യവാദ'ത്തെ മാർക്സ് കാണുന്നതു്. നേരത്തെ കണ്ടപോലെ,
- (a) നിശ്ചലത, മാറ്റമില്ലായ്മ
- (b) പരസ്പരബന്ധ നിഷേധം
- (c) ശാശ്വതത്വം
- (d) വിപരീതങ്ങളുടെ പരസ്പര വർജ്ജനം
എന്നിവയാണല്ലോ കേവലവാദത്തിന്റെ കാതലായ തത്വങ്ങൾ