നമ്മുടെ പ്രാഥമിക പ്രതികരണം, സാമാന്യബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രതികരണം, ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നുള്ളതായിരിക്കും. എന്നാൽ ഇപ്പറഞ്ഞതൊന്നും തന്നെ ശരിയല്ലെന്ന് നാം കണ്ടുകഴിഞ്ഞതാണ്. യഥാർഥത്തിൽ,
(a) ചലനമില്ലാതൊന്നുമില്ല, മാറ്റമില്ലാതൊന്നുമില്ല, നിശ്ചലാവസ്ഥ ആപേക്ഷികമാണ്, ചലനം കേവലമാണ്.
(b) സർവതന്ത്ര സ്വതന്ത്രമായി ഒന്നുമില്ല, പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
(c) ശാശ്വതമായി ഒന്നുമില്ല, എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു. പരിവർതിച്ചുകൊണ്ടിരിക്കുന്നു.
(d) അതുകൊണ്ടുതന്നെ എന്തും ഒരേ സമയത്ത് തന്നെ അതായിരിക്കുകയും അല്ലാതിരിക്കുകയും ചെയ്യുന്നു, വിപരീതങ്ങൾ വേർപിരിക്കാനാകാത്തവിധം ഒന്നിച്ചിരിക്കുന്നു.
ഈ യഥാർഥമായ പ്രപഞ്ചചിത്രം വൈരുധ്യാത്മകമാണ്. 'ഡയലക്ടിക്കൽ' ആണ്. മാർക്സ് ഇത്രയും വിശാലമായ അർഥത്തിലാണ് ആ പദം ഉപയോഗിക്കുന്നത്. യഥാർഥ ഭൗതികപ്രപഞ്ചത്തെ പഠിക്കുന്നതിനുപകരം മനുഷ്യമനസിനുള്ള അതിന്റെ പ്രതിഫലനത്തെ - ആശയപ്രപഞ്ചത്തെ - പഠിക്കുന്നതിനാണ് ഹെഗൽ വൈരുധ്യാത്മകരീതി ഉപയോഗിച്ചത്. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത്, ഞങ്ങളുടെ വൈരുധ്യാത്മകരീതി ഹെഗലിന്റേതിൽ നിന്ന് വിഭിന്നമാണ്, അതിന് കീഴ്മേൽ മറിച്ചതാണ് എന്ന്.
ഒരു രീതിശാസ്ത്രമെന്ന നിലക്ക് മാർക്സ് വൈരുധ്യവാദത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുകയുണ്ടായിട്ടില്ല. താൻ കൈകാര്യം ചെയ്ത എല്ലാവിഷയങ്ങളിലും അത് പ്രയോഗിക്കുക മാത്രമാണ് ഉണ്ടായത്. ഏംഗൽസ് പ്രകൃതിയിലെ വൈരുധ്യാത്മകതയെക്കുറിച്ച് സമഗ്രമായി ഒരു ഗ്രന്ഥം രചിക്കാൻ ഒരുക്കൂട്ടിയെങ്കിലും മുഴുമിപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ കുറിപ്പുകളാണ് പ്രകൃതിയിലെ വൈരുധ്യാത്മകത എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടുതൽ സമഗ്രവും പ്രകൃതിയെയും സമൂഹത്തെയും ജ്ഞാനസിദ്ധാന്തത്തെയും ഒക്കെ ഉൾക്കൊള്ളിക്കുന്നതുമായ ഒരു ഗ്രന്ഥം തയ്യാറാക്കാൻ ലെനിനും തയ്യാറെടുക്കുകയുണ്ടായി. എന്നാൽ അതും നടന്നില്ല. ലെനിന്റെ സമാഹൃത കൃതികളിൽ 38 - )o വാള്യത്തിൽ ഈ കുറിപ്പുകൾ കാണാം. ഇവ രണ്ടും പരിശോധിച്ചുകൊണ്ട് 'മാർക്സിയൻ ഡയലക്ടിക്സി'ന്റെ സമഗ്രസ്വഭാവം മനസിലാക്കാൻ ശ്രമിക്കാം.
അതിലേക്ക് കടക്കുന്നതിനു മുമ്പ്, ദർശനത്തെക്കുറിച്ചുള്ള ചർചകളിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്ന നിഷ്കൃഷ്ടമായ അർഥത്തോടുകൂടിയ ചില സാങ്കേതികപദങ്ങൾ - ഇവയെ സംവർഗങ്ങൾ എന്നു വിളിക്കുന്നു - പരിശോധിക്കാം.