ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അർത്ഥം നാട്ടിനു മേന്മേൽ
മെത്തുന്നു കവീന്ദ്രവാക്കിനെന്നവിധം;
ഇദ്ദേവകോശപൂർത്തിയു-
മെത്തുന്നതുതൻ പദത്തിനാലധുനാ.       63

അന്യായം നിയതംശ്രീ
ധന്യായതനത്വമാർന്നൊരിന്നൃപനാൽ
ഇന്നായതമല്ലല്പവു-
മെന്നായിത്തീർന്നിടുന്നു രണ്ടുവിധം.       64

കർമ്മസ്ഥിരയാമിതിനെ-
ദ്ധർമ്മസ്ഥിരയാക്കി നൃപതി രണ്ടുവിധം
വന്മുത്തൊടു വിലസുവതബ്-
ബ്രഹ്മത്രിദശേശർപോലുമറിയുന്നു.       65

ഈ രാജപരിസരം ചെ-
റ്റാരാകിലുമല്പമണകിലവനവരെ
പാരാതെ രാജരാജ-
ശ്രീരാജിതരാക്കിടുന്നു സുദൃഢമഹോ!       66

സംഖ്യാവാന്മാർ പൊകിൽ
സംഖ്യാതീതം ധനം കൊടുക്കുമിവൻ
ത‌ൻകത്താൽ കാണ്മോർക്കും
തങ്കത്താൽ ചെയ്തിടുന്നതഭിഷേകം.       67

ഏകാനഖിലവുമിബ്‌ഭൂ-
ലോകാവനജാഗരൂകനമരുമ്പോൾ
ഏകാദശി നോൽക്കുന്നതു
നാകാവ്യാപ്തിക്കുതന്നെ ചിലരവനൗ.       68

ഉപവാസംചെയ്യുന്നോർ-
ക്കുപവാസത്തിനു വഴിയകറ്റി മുദാ
സ്വപുരക്ഷാമത്തിന്നും
നൃപനക്ഷാമം വരുത്തിപോൽ ക്ഷാമം.       69

ഇമ്മാനുഷരെല്ലാരും
സന്മാർഗ്ഗത്തിൽ ചരിച്ചുകാണ്മതിനായ്
മേന്മേൽ കോടതികളെയും
നിർമ്മിപ്പിക്കുന്നു റോഡുകളെയുമിവൻ.       70

തോടുകളെ നാഞ്ചിനാട്ടിൽ
പാടേ തീർക്കുന്നുപോൽ കുടിക്കാർക്കായ്;
മോടിയതവസാനിച്ചാൽ
കൂടും; മുഖമൊന്നവർക്കു വികസിക്കും.       71

"https://ml.wikisource.org/w/index.php?title=താൾ:Vancheeshageethi.djvu/10&oldid=172147" എന്ന താളിൽനിന്ന് ശേഖരിച്ചത്