ഇവനൊരുപന്യാസസദ-
സ്സവികലമുളവാക്കി തിരുവനന്തപുരേ;
അവിടെയധികപ്രസംഗ-
ശ്രവണംചെയ്‌വോർക്കതാകെയൊഴിയുന്നു. 81
നൃഹരിയിഹ പൂർവലേഖാ-
ഗ്രഹണംചെയ്തവതിനു പണികൾ തുടരുകയാൽ
അകമേ സുമനോവൃന്ദം
വികലതവിട്ടുള്ള തോഷമേന്തുന്നു. 82
പൃഥ്വീശനുള്ള വനവും
വിദ്രുമസംശോഭി സിന്ധുസമമെന്നാൽ
പേർത്തും മുക്താഫലത വി-
ചിത്രമവയ്ക്കെത്തിടുന്നു നാൾതോറും. 83
ഗോത്രേശനെന്തിനിളമേൽ
പേർത്തും സ്ഥാപിപ്പതാശുപത്രികളേ?
ഗോത്രാരിയെന്നു നൃപരിൽ
കീർത്തി നിതാന്തം ലഭിച്ചുകൊൾവതിനോ? 84
ആയുർവേദത്തിനു പര-
മായുർവൃദ്ധിയെ വളർത്തുമീ നൃപനെ
ന്യായത്തിനു ധന്വന്തരി
രായുംപകലും മുഷിഞ്ഞുകാത്തിടണം. 85
പതിവായ് ക്കൃഷിപ്രദർശന-
മതുപോൽ കേതുപ്രതിഷ്ഠയിവമൂലം
അതിയായ് ദ്വിധാ വളർത്തു-
ന്നിതു നൃവരൻ ക്ഷേത്രകർമ്മപുഷ്ടി സദാ. 86
ഇമ്മട്ടു നൃപഗുണങ്ങളെ-
യെന്മട്ടുള്ളോർക്കു വാഴ്ത്തുവാനെളുതോ?
ബ്രഹ്മവ്യാസാഹീശ്വരർ
കമ്മറ്റിയിൽവച്ചു വേണമിതുചെയ് വാൻ. 88
ഉദധിയിവനേയുമിവനുടെ
പൃഥിവിയേയും ഭക്ഷ്യമാക്കുമതുവരേയും
ഇതുമട്ടൊരുവനെ നോക്കാൻ
കൊതിയൊടു നക്ഷത്രമെണ്ണുമെന്നുമിവൻ. 89
ധര കാക്കുന്നവർ ലക്ഷം
വരികിലുമിവനേ ധരാനുരൂപവരൻ;
പെറുകിലുമനേകപക്ഷികൾ
ചിറകു ഗരുത്മൽ പദം സുപർണ്ണനുതാൻ. 90
താൾ:Vancheeshageethi.djvu/12
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്