വാരിധി ചുറ്റും വായ്ക്കും
പാരിതിനെതിരറ്റ ഫാലതിലകമതായ്
ഭാരതമെന്നൊരു ഖണ്ഡം
സാരത തടവിസ്സമുല്ലസിക്കുന്നൂ. 1
അതിനുള്ളിലുണ്ടു കേരള-
മിതി നല്ല യശ്ശസ്സിയന്നിടും ദേശം;
വിധി നിതരാം പ്രകൃതിയതാം
സുതനുവിനായ്ത്തീർത്ത സുരുചിരോദ്യാനം. 2
പാരിൽ തദംശമൊന്നിനു
പേരെത്തിവരുന്നു വഞ്ചിയെന്നു ചിരം;
ദാരിദ്രനദമതിൻ മറു-
തീരത്തതിലുള്ള മനുജർ കയറുന്നു. 3
വരദം നിലമതിൽ നന്മഴ-
യൊരുതെല്ലും തെറ്റിടാതെ പോയ്തവിടം
വരതരുണി ധരണി ചൂടിയ
മരതകമണിമാല്യമായ് ലസിക്കുന്നു. 4
സൗഖ്യദമിദ്ദിക്കിന്നൊരു
മുഖ്യസ്ഥലമുണ്ടു തിരുവനന്തപുരം;
ചക്രമൊടിവിടെ വസിപ്പവ-
രൊക്കെബ്ഭോഗികളിലഗ്രഗണ്യന്മാർ. 5
ശ്രീമദനന്തപുരത്തിൽ
ശ്രീമദമിന്ദ്രന്നു തീർന്നുപോംമട്ടിൽ
സീമ ദയയ്ക്കില്ലാതൊരു
കാമദമാം കല്പവൃക്ഷമമരുന്നു. 6
അതിനിവിടെ രാമവർമ്മാ-
ഭിധ നലമൊടു നൽകിടുന്നു നരരെല്ലാം;
അതിനുടെ ഗുണങ്ങൾ വാഴ്ത്തു-
ന്നതിനാകുന്നില്ല ശേഷമജനുമഹോ! 7
മൂലത്തിലിന്നു സുമനോ-
ജാലത്താൽ സേവ്യമായുദിച്ചാർക്കും
കാലത്തിസ്സന്താനം
ചേലൊത്തനവധി ഫലങ്ങളരുളുന്നു. 8
താൾ:Vancheeshageethi.djvu/3
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്