ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടല്ലോ. പ്രകൃതിബോധം ജനങ്ങളിലെത്തിക്കുക ഒരു ജീവിത ലക്ഷ്യമായിക്കണ്ട് സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പരിഷത്ത് പ്രവർത്തകർ കേരളത്തിലുണ്ട്. അവരാണ് ഈ പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികൾ കേരളത്തിലെ വീടുകളിൽ എത്തിച്ചത്. അവരോട് നന്ദി പറയാൻ ഞാൻ അശക്തനാണ്.

മ്യൂനിച്ചിൽ വച്ച് അവിടുത്തെ ഇന്റർനാഷണൽ യൂത്ത് ലൈബ്രറിയുടെ ഡെപ്യൂട്ടി ഡയറക്ടർ മിസിസ് ലയോബാബെറ്റന്നോട് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അവർ അതിശയിച്ച് ഇരുന്നു പോയി "ഈ പുസ്തകത്തിന്റെ അഞ്ച് എഡിഷൻ ഇറങ്ങിയെന്നോ! അവിശ്വസനീയം. ജർമ്മനിയിൽപോലും ഒരു ബാലസാഹിത്യ കൃതിയുടെ ഇത്രയേറെ കോപ്പികൾ വിൽക്കാൻ പറ്റില്ല" അവർ അങ്ങനെ പറഞ്ഞുപോയി. പക്ഷേ കേരളത്തിലെ പരിഷത്ത് പ്രവർത്തകർ ആ അത്ഭുതകൃത്യം നിർവ്വഹിച്ചിരിക്കുന്നു എന്നതാണ് സത്യം.

1985-ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയതിനുശേഷം ലോകം തന്നെ എന്തു മാറി. സുസ്ഥിരമായ വികസനം (sustainable development) എന്ന ആശയത്തിന് കൂടുതൽ പ്രചാരം ലഭിച്ചു. ഒരു ഭൗമ ഉച്ചകോടി വരെ നടന്നു! ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കാലിക പ്രാധാന്യമുള്ള പുതിയ ആശയങ്ങൾ കൂടി എഴുതിച്ചേർത്ത് പരിഷ്കരിച്ചതാണ് ഈ പുതിയ പതിപ്പ്.

ഇതാണ് വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിന്റെ വായിച്ചിരിക്കേണ്ട കഥ.

പ്രകൃതി നശിച്ചാൽ മനുഷ്യനും നശിക്കും. വളരുന്ന തലമുറയ്ക്ക് ഈ ബോധം ഉണ്ടാകണം. പ്രകൃതിയേയും അതുവഴി മനുഷ്യരേയും രക്ഷിക്കാൻ ഭാവിയിൽ രംഗത്തിറങ്ങേണ്ടവരാണ് ആ കുട്ടികൾ. അവർക്ക് പ്രകൃതിബോധമുണ്ടാകാൻ ഈ പുസ്തകം ഒരളവുവരെയെങ്കിലും സഹായിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

പ്രൊഫ. എസ്. ശിവദാസ്
പ്രശാന്ത്, അണ്ണാൻകുന്ന്,
കോട്ടയം - 1
"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/10&oldid=172161" എന്ന താളിൽനിന്ന് ശേഖരിച്ചത്