ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മലമുകളും കാടുനിറഞ്ഞ മലഞ്ചരിവും എത്ര വ്യത്യസ്തമായ പ്രകൃതിയാണ് കാഴ്ചവയ്ക്കുന്നത്! അത് കണ്ടും അനുഭവിച്ചും തന്നെ അറിയണം. പ്രകൃതി നിരീക്ഷണത്തിന് പ്രകൃതിയിലേക്കിറങ്ങണം. പഠനയാത്രയാണ് ഏറ്റവും നന്ന് എന്ന് അതോടെ കൂട്ടുകാർ സമ്മതിച്ചു. തോമസും കൂട്ടുകാരും അവരുടെ അനുഭവങ്ങൾ എഴുതുന്ന തിരക്കിലാണ്.

വായന, വായന

“ചീഞ്ഞ മത്തി മാത്രം തിന്ന് വളർന്ന ഒരു പട്ടിക്ക് നല്ല മത്തി കൊടുത്താലോ?” ഒരു ദിവസം ബാലവേദി കൂടിയപ്പോൾ മാസ്റ്റർ ചോദിച്ചു.

“അതിനിഷ്ടപ്പെടുകയില്ല!” തോമസ്‌ മറുപടി പറഞ്ഞു.

“അതുപോലെയാണ് ചീത്ത പുസ്തകങ്ങൾ വായിച്ച് രസിക്കുന്നവരുടെ കാര്യവും.” മാസ്റ്റർ പറഞ്ഞു.

“ചീത്ത പുസ്തകമോ!” കൊച്ചുമുഹമ്മദിന് കാര്യം മനസ്സിലായില്ല.

“എന്നു പറഞ്ഞാൽ നിലവാരമില്ലാത്ത പുസ്തകം. തെറ്റായ ധാരണകൾ ഉണ്ടാക്കുന്നവ. വാശിയും വൈരാഗ്യവും പ്രതികാരവും കയ്യൂക്കും ദുഷിച്ച മറ്റു പല തരം പ്രവണതകളും വികാരങ്ങളുമുണ്ടാക്കുന്നവ. സാഹിത്യത്തെ കച്ചവടച്ചരക്കായി മാറ്റിയിരിക്കുന്നവർ പടച്ചിറക്കിയിരിക്കുന്ന അത്തരം പുസ്തകങ്ങളേയും മാസികകളേയുമാണ് ചീത്ത പുസ്തകങ്ങൾ എന്ന് പൊതുവിൽ പറഞ്ഞത്.” മാസ്റ്റർ വിവരിച്ചു.

“ഓ അത് ശരി. അത്തരം പുസ്തകങ്ങൾ വായിച്ചാൽ നമ്മുടെ തന്നെ നിലവാരം താഴും. അല്ലേ.?”

“അതെ. നമ്മുടെ വാസനകൾ, ചിന്തകൾ, ധാരണകൾ, മനോഭാവങ്ങൾ... എല്ലാം ദുഷിച്ചതാകും.”

“അതിൽ നിന്നും രക്ഷപ്പെടാൻ എന്താ മാർഗം?”

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/102&oldid=172164" എന്ന താളിൽനിന്ന് ശേഖരിച്ചത്