ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കൊച്ചുമുഹമ്മദ് ആ പക്ഷിയെക്കണ്ടിട്ടുണ്ടോ?" മാസ്റ്റർ തിരക്കി.

കൊച്ചുമുഹമ്മദ് പരുങ്ങി. മുഹമ്മദിന്റെ കള്ളച്ചിരി കണ്ടപ്പോൾ കൂട്ടുകാരും ചിരിച്ചുപോയി. കൊച്ചുമുഹമ്മദ് തലചൊറിഞ്ഞു കൊണ്ട് പതുക്കെ പറഞ്ഞു.

"കണ്ടിട്ടില്ല മാസ്റ്റർ, ചുവപ്പായിരിക്കും എന്നാ ഞാൻ ഊഹിച്ചത്."

"ഹഹഹഹ. ഊഹിച്ചത് തെറ്റാണല്ലോ മുഹമ്മദുകുഞ്ഞേ. ഇനി ആരും ഊഹിച്ചു പറയേണ്ട കേട്ടോ. കണ്ടവരുണ്ടെങ്കിൽ കൈപൊക്കൂ."

ആരും കൈ പൊക്കിയില്ല. അതു കണ്ട് മാസ്റ്റർ തുടർന്നു.

"എന്നും കുട്ട്രൂ കുട്ട്രൂ എന്ന പാട്ടു കേട്ടിട്ട് ഒന്നു ചുറ്റുപാടും നോക്കാൻ തോന്നിയില്ല, അല്ലേ?"

കൂട്ടുകാർ ഒന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ? മാസ്റ്റർ നല്ല വെട്ടിലല്ലേ വീഴ്ത്തിക്കളഞ്ഞത്.

"കണ്ണുണ്ടായാൽ പോരാ, കാണണം! ചുറ്റുപാടും ശ്രദ്ധിച്ചു കാണാനുള്ള താല്പര്യം ഉണ്ടാകണം. ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട ഒരു സ്വഭാവമാണിത്. കാണുംതോറും അറിവു കൂടിവരും. ഓരോന്നും കാണുമ്പോൾ നാം അതേപ്പറ്റി ചിന്തിക്കും. അപ്പോൾ സംശയങ്ങളുണ്ടാകും. ചോദ്യങ്ങൾ ചോദിച്ചു പോകും. ഉത്തരങ്ങൾ തേടും. അപ്പോൾ കൂടുതൽ വിവരങ്ങൾ കണ്ടെത്തും. അപ്പോൾ അതിലും കൂടുതലറിയാൻ ആഗ്രഹം തോന്നും. കൂടുതൽ കൂടുതൽ കാണാനും നിരീക്ഷിക്കാനും പരീക്ഷിക്കാനും ആവേശം തോന്നും. അറിയാനുള്ള ഈ ആവേശമുള്ളവരേ മിടുക്കന്മാരായി വളരൂ."

മാസ്റ്റർ ഉപദേശിച്ചു.

"ഇനി ഞങ്ങൾ ശരിക്ക് കണ്ണു തുറന്നു ജീവിക്കാം മാസ്റ്റർ" രൂപക്കുട്ടി സമ്മതിച്ചു.

"എങ്കിൽ നന്ന്, കാണുകയും കേൾക്കുകയും മാത്രം പോരാ, കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയും വേണം. ആട്ടെ, നിങ്ങളേല്ലാം കുട്ട്രൂ കുട്ട്രൂ എന്ന പാട്ടു കേട്ടു. പക്ഷേ, പക്ഷിയെ കണ്ടുമില്ല. വല്ലപ്പോഴും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അറിയാതെയെങ്കിലും നോക്കിയിട്ടുണ്ട് പലരും. ആ പാട്ടുകാരനെ കണ്ടില്ല. എന്താ കാരണമെന്ന് ആലോചിച്ചു പറയാൻ ശ്രമിക്കൂ."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/22&oldid=172181" എന്ന താളിൽനിന്ന് ശേഖരിച്ചത്