ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അതെ, പാമ്പ് ഒരു ബഹളവും ശ്രദ്ധിക്കുന്നേയില്ല. പക്ഷിക്കുഞ്ഞിനെ വിഴുങ്ങുന്ന ജോലിയിൽ തന്നെ."

"പാവം പക്ഷിക്കുഞ്ഞ്!"

"പാമ്പ് ആ പക്ഷിക്കുഞ്ഞിനെ മുഴുവൻ വിഴുങ്ങിത്തീരും വരെ കരിയിലപ്പക്ഷികൾ പാമ്പിന് ചുറ്റും നിന്ന് കരഞ്ഞു. കണ്ടുനിന്ന എനിക്കും കരച്ചിൽ വന്നു."

"എന്നിട്ടോ മാസ്റ്റർ?"

"പാമ്പ് സാവധാനം ഇഴഞ്ഞ്, പറമ്പിലെ പാഴ്ചെടികൾക്കിടയിലേക്ക് മറഞ്ഞു. കുറെനേരം കൂടി അവിടെ നിന്ന് കരഞ്ഞിട്ടേ കരിയിലപ്പക്ഷികൾ പറന്നു പോയുള്ളൂ. സ്വന്തം കുഞ്ഞിനോട് അവർക്ക് എന്ത് സ്നേഹം! ഞാൻ അതിശയിച്ചു പോയി."

"ഹൊ, ഇത്തരം എന്തെല്ലാം നാടകങ്ങൾ അപ്പോൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടാകണം.?" അപ്പുക്കുട്ടൻ അതോർത്ത് അതിശയിച്ചു.

"ശരിയാണ് അപ്പുക്കുട്ടാ."

"ഞാൻ ഇന്നു മുതൽ എല്ലാ പക്ഷികളെയും നിരീക്ഷിച്ചു പഠിക്കും."

"ഞാനും"

"ഞാനും"

മാസ്റ്ററുടെ കഥ കേട്ടതോടെ എല്ലാവർക്കും പക്ഷികളോടു വലിയ താത്പര്യമായിരിക്കുന്നു. മാസ്റ്റർ അതുകണ്ട് ചിരിച്ചു. പിന്നെ പറഞ്ഞു.

"ഞാനൊരു സൂത്രം പറഞ്ഞു തരാം. നിങ്ങളുടെയെല്ലാം വീടുകളിൽ ചട്ടികൾ ഇല്ലേ? ചെടിവയ്ക്കുന്ന ചട്ടിയല്ല. അരിയും കറിയും വയ്ക്കുന്ന ചട്ടി."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/28&oldid=172187" എന്ന താളിൽനിന്ന് ശേഖരിച്ചത്