ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"വേണം. പക്ഷികളുടെ കുളി കഴിയുമ്പോൾ വെള്ളം മുഴുവൻ അഴുക്കാകും. അതിനാൽ ദിവസവും ചട്ടി കഴുകി പുതിയ വെള്ളം നിറച്ചു വയ്ക്കണം."

"റെഡി"

"നമുക്ക് ഒരു ദിവസം ബാലവേദിയിൽ പക്ഷിനിരീക്ഷണത്തെപ്പറ്റി ഒരു ക്ലാസ് നടത്തിയാലോ മാസ്റ്റർ?"

"വെറും ക്ലാസുകൊണ്ടു കാര്യമില്ല. നമുക്ക് പുറത്തിറങ്ങി നടക്കാം. പാടത്തും പറമ്പിലും കാട്ടിലും കുളക്കരയിലുമൊക്കെ നടന്നു പക്ഷികളെ കാണാം; നിരീക്ഷിക്കാം; അതിനിടെ ഓരോ തരം പക്ഷിയുടെയും പ്രത്യേകതകൾ ഞാൻ പറഞ്ഞു തരാം."

"ഒരു തരം പഠനയാത്ര; അല്ലേ മാസ്റ്റർ?

"അതെ. പ്രകൃതിപഠനം ക്ലാസ് മുറിയിലല്ല നടത്തേണ്ടത്. പ്രകൃതിയിലേക്ക്‌ ഇറങ്ങണം. പ്രകൃതിയെ കാണണം; കണ്ടു രസിക്കണം. അതിനാണ് പ്രകൃതിപഠന യാത്ര."

"നാളെ ഒഴിവാണല്ലോ. നാളെത്തന്നെ നമുക്ക് പ്രകൃതി പഠനയാത്ര നടത്താം മാസ്റ്റർ."

"അങ്ങനെ തന്നെ. എല്ലാവരും അതിരാവിലെ തന്നെ എത്തണം; എന്താ?"

"ശരി മാസ്റ്റർ. വെട്ടം വീഴുമ്പോൾ ഞങ്ങൾ എത്തും." വിനു ഉറപ്പു നൽകി.

"കൊച്ചുമുഹമ്മദേ വെയിൽ മുഖത്തടിക്കുന്നതുവരെ കിടന്നുറങ്ങരുതെ. താമസിച്ചാൽ ഞങ്ങൾ നിന്നെ കൂടാതെ പഠനയാത്ര പോകും." മാസ്റ്റർ ഉറക്കഭ്രാന്തനായ കൊച്ചുമുഹമ്മദിനെ കളിയാക്കി. എല്ലാവരും ചിരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/30&oldid=172190" എന്ന താളിൽനിന്ന് ശേഖരിച്ചത്