ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അപ്പുക്കുട്ടനാണ് ആദ്യം ഓടി ജയന്റെ വീട്ടിലെത്തിയത്. പുറകെ മറ്റുള്ളവരുമെത്തി.

ജയനെ പുറത്തെങ്ങും കണ്ടില്ല. അവർ വീട്ടിനുള്ളിലേക്ക് കയറി. ദാ ജയൻ ഒരു കട്ടിലിൽ കിടക്കുന്നു. കൂട്ടുകാരെ കണ്ടപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. ജയന്റെയടുത്ത് കട്ടിലിൽ അവന്റെ അമ്മയും ഇരിപ്പുണ്ട്.

മാസ്റ്റർ തിരക്കിയപ്പോൾ അമ്മ വിവരം പറഞ്ഞു. ഇന്നലെ ബാലവേദിയിൽ നിന്നും വന്നയുടനെ അനിയനേയും കൂട്ടി കുളത്തിൽ ചാടി വെള്ളത്തിൽ നീന്തുകയും മുങ്ങുകയും തകർക്കുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് നീർക്കോലി ഒറ്റക്കടിയിട്ടുകൊടുത്തത്. ജയന്റെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തി ജയനെ കരക്കു കയറ്റി നോക്കിയപ്പോൾ മുറിപ്പാടിൽ നിന്നും ചോര ഒഴുകുന്നു. അമ്മ പച്ചമഞ്ഞൾ അരച്ച് മുറിവിൽ പുരട്ടി. എന്നിട്ട് അവനെ പിടിച്ച് കട്ടിലിൽ കിടത്തി. അത്താഴവും കൊടുത്തില്ല...

മാസ്റ്റർ ജയനെയും അമ്മയേയും സമാധാനിപ്പിച്ചു. "ഒന്നും പേടിക്കാനില്ല. കാരണം നീർക്കോലിക്ക് വിഷമേയില്ല. ഏതായാലും മുറിവൊന്ന് കാണട്ടെ എവിടെയാണ്? കാലിനകത്താണോ?"

"അകത്തല്ല മാസ്റ്റർ തുടയിൽത്തന്നെ." അമ്മ പറഞ്ഞു.

"നോക്കട്ടെ" മാസ്റ്റർ പുതപ്പു മാറ്റി.

"നിക്കറിനുമകത്താണോ! അതെങ്ങനയാ ജയാ? കുളത്തിൽ ചാടിയിരുന്നപ്പോൾ നിക്കറിട്ടിട്ടില്ലായിരുന്നോ?"

ജയന്റെ പരുങ്ങൽ കണ്ട് അനിയൻ ഉള്ള സത്യം തുറന്നു പറഞ്ഞു. "ചാടിത്തുടങ്ങിയപ്പോൾ നിക്കർ അരയിലുണ്ടായിരുന്നു. പിന്നെ വെള്ളത്തിൽ കളിച്ചുരസിച്ചു മറിഞ്ഞപ്പോൾ നിക്കർ ഊരിപ്പോയതറിഞ്ഞില്ല. നിക്കറിടാതെ ചാടിയിരുന്നപ്പോഴാണ് കടി കിട്ടിയത്."

അനിയൻറെ പറച്ചിൽ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി. ജയനും ചിരിച്ചുപോയി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/33&oldid=172193" എന്ന താളിൽനിന്ന് ശേഖരിച്ചത്