'നല്ല രസം" അപ്പുക്കുട്ടൻ തീറ്റക്കിടയിൽ പറഞ്ഞു.
"ഇതെന്താ തലമുടി പോലെ?" വെള്ളത്തിനടിയിലേക്ക് ചൂണ്ടി മിനി ചോദിച്ചു.
"അതാണ് മുള്ളൻ പായൽ. അതുണ്ടെങ്കിൽ വെള്ളത്തിനു നല്ല തണുപ്പായിരിക്കും. മീനുകൾക്ക് തീറ്റയും ആയി. വിശ്രമസ്ഥലവുമായി."
പട്ടണത്തിൽ നിന്ന് ഒഴിവുകാലമാസ്വദിക്കാൻ വന്ന മിനി കുറെ മുള്ളൻപായൽ കൈയിലെടുത്തു നോക്കി.
കുളത്തിൽ വെള്ളം മുഴുവൻ വാലുമാക്രികൾ. മീനിലുമധികം വാലുമാക്രികൾ. എല്ലാവരും കൈകളിൽ വെള്ളം എടുത്തു. അതിലുമുണ്ട് നാലഞ്ച് വാലുമാക്രികൾ.
"ഓ വെറുതെയാണോ നീർക്കോലികൾ ധാരാളം വന്നു ചാടിയിരിക്കുന്നത്. അവർക്ക് എന്നും വാലുമാക്രിസദ്യ നടത്താമല്ലോ!" മാസ്റ്റർക്ക് അപ്പോഴാണ് കാര്യം പിടികിട്ടിയത്. കുളത്തിൽ ഇത്ര ഏറെ നീർക്കോലികളെ കാണാനുള്ള കാര്യം മനസ്സിലായത്.
"എന്നിട്ട് നീർക്കോലിച്ചേട്ടനെ കണ്ടില്ലല്ലോ." ദീപുവിനു നീർക്കോലിയെ കാണാൻ ധൃതിയായി.
"കുളത്തിൽ എല്ലാ ഭാഗവും ശ്രദ്ധിച്ചു നോക്കൂ. അനങ്ങാതെ നിന്നുനോക്കണം. ബഹളം വെയ്ക്കാതെ. നീർക്കോലികൾ ഏറെ നേരം വെള്ളത്തിനടിയിൽ മുങ്ങിക്കഴിയുകയില്ല. കുറെ നേരം കഴിയുമ്പോൾ വെള്ളനിരപ്പിൽ വന്നു തല പുറത്തേയ്ക്ക് നീട്ടും."
"ശ്വാസമെടുക്കാനായിരിക്കും."
"അതെ. വല്ല ആമ്പലിലോ മറ്റോ തങ്ങി കിടക്കുന്നത് കാണാം അപ്പോൾ. പറ്റിയ ലാക്കിന് വാലു മാക്രിയെയും ശാപ്പിടും."
"മാക്രിയെയോ?"
"ചെറിയ മാക്രികളെയും പിടിക്കും."